
മോസ്‌കോ: ഇന്ത്യയുടെ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ വളം നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്നലെ മോസ്കോയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിന്റെ ഉറപ്പ്.
ഇന്ത്യയുമായുള്ള പ്രത്യേക പങ്കാളിത്തം ശക്തിപ്പെടുത്തും. ഷാങ്ങ്ഹായി സഹകരണ ഉച്ചകോടിയ്ക്കിടെ (എസ്.സി.ഒ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി. ഈ മാസം 31നും സെപ്തംബർ ഒന്നിനും കിർഗിസ്ഥാനിലെ ബിഷ്‌കെകിലാണ് ഉച്ചകോടി.
സെപ്തംബർ 12ന് ന്യൂഡൽഹിയിൽ തുടങ്ങുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പുട്ടിനെ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് ജയശങ്കർ കൈമാറി. ഇന്ത്യ-റഷ്യ ഇന്റർ ഗവൺമെന്റൽ കമ്മിഷന്റെ 27 ാമത് സെഷനിൽ റഷ്യൻ ഉപ പ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവിനൊപ്പം അദ്ധ്യക്ഷത വഹിച്ച ജയശങ്കർ, ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണത്തിന്റെ പുരോഗതി വിലയിരുത്തി.
ആഗോള, പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവുമായി ജയശങ്കർ പ്രത്യേക ചർച്ച നടത്തും.
# മോദിയ്ക്ക് പ്രശംസ
ഇന്ത്യ-റഷ്യ പങ്കാളിത്തം ശക്തമാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുട്ടിൻ പ്രശംസിച്ചു. ജയശങ്കറിന്റെ സന്ദർശനം പതിറ്റാണ്ടുകളായുള്ള ബന്ധത്തിന്റെ ആഴം അടിവരയിടുന്നെന്നും പുട്ടിൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |