ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പിലാക്കിയ മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. 2026 ഒക്ടോബർ വരെ രാജ്യത്ത് 188 വധശിക്ഷകൾ നടപ്പാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായി എത്യോപ്യ, പാകിസ്ഥാൻ, സുഡാൻ, ജോർദാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയാണ് കൂടുതലായും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും കീഴിൽ രാജ്യത്ത് ഇതുവരെ 2,000ത്തിലധികം വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 14ന് വീണ്ടും വധശിക്ഷ നടപ്പാക്കിയതോടെയാണ് സൗദി വീണ്ടും മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ചർച്ചയായത്. മക്കയിലെ പള്ളിക്കുള്ളിൽ 'അധാർമിക' പ്രവൃത്തിയിൽ ഏർപ്പെട്ട ബംഗ്ലാദേശി പുരുഷനെയും സ്ത്രീയെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. എന്നാൽ അവർ ചെയ്ത 'അധാർമിക' പ്രവൃത്തിയെന്തെന്ന് കോടതിയോ സൗദി സർക്കാരോ വ്യക്തമാക്കിയിട്ടില്ല. കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയെന്നും സ്ഥലത്തിന്റെയും സമയത്തിന്റെയും പവിത്രതയുടെ ഗുരുതരമായ ലംഘനമാണിതെന്ന് കോടതി വിശേഷിപ്പിച്ചതായും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ, ഈ വധശിക്ഷകളെ സംബന്ധിച്ച് കൂടുതൽ ആശങ്കയുളവാക്കുന്ന കാര്യം എന്താണെന്നാൽ, ബംഗ്ലാദേശ് സർക്കാരിനെയോ കുടുംബാംഗങ്ങളെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല എന്നതാണ്. വധശിക്ഷകൾ നടപ്പിലാക്കിയ ശേഷമാണ് അവരെ വിവരം അറിയിച്ചത്. സത്യത്തിൽ എന്താണ് ഈ വധശിക്ഷയുമായി ബന്ധപ്പെട്ട് സംഭവിച്ചത്. ഏത് നിയമപ്രകാരമാണ് വധശിക്ഷ നടന്നത്? പരിശോധിക്കാം
കഴിഞ്ഞ ബുധനാഴ്ചയാണ് സൗദി അധികൃതർ രണ്ട് ബംഗ്ലാദേശികളായ നസ്രുൾ ഇസ്ലാം അബ്ദുൾ ബാസിർ, സുയിറ്റി അക്തർ (സ്വീറ്റി അക്തർ) എന്നിവരെ പുണ്യനഗരമായ മക്കയിൽ വച്ച് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ജോലിക്കായി ഇരുവരും നാല് വർഷമായി സൗദി അറേബ്യയിൽ താമസിച്ചുവരികയായിരുന്നുവെന്ന് അവരുടെ കുടുംബങ്ങൾ പറഞ്ഞു.
വ്യത്യസ്ത ആരോപണങ്ങളുടെ പേരിൽ ഇരുവരെയും 2023 ഓഗസ്റ്റിൽ കസ്റ്റഡിയിലെടുത്തിരുന്നു. ആ സമയത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആരോപണങ്ങൾ പുരുഷനെതിരെ സൈബർ കുറ്റകൃത്യവും സ്ത്രീക്കെതിരെ വ്യഭിചാരവുമായിരുന്നു. എന്നാൽ വധശിക്ഷാ പ്രഖ്യാപനത്തിൽ പരാമർശിച്ചിരിക്കുന്ന കുറ്റകൃത്യവുമായി ആ ആരോപണങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മെമ്മോ ലഭ്യമല്ല. ഒരു പള്ളിയുടെ പവിത്രത ലംഘിച്ചതിന് ഇരുവരെയും കോടതി ശിക്ഷിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
തഅ്സീർ (ഇസ്ലാമിക നിയമം) പ്രകാരം ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയെന്നാണ് സൗദി അറിയിക്കുന്നത്. ഹുദൂദ് അല്ലെങ്കിൽ ഖിസാസിന്റെ പരിധിയിൽ പെടാത്ത കുറ്റകൃത്യങ്ങൾക്ക് ഇസ്ലാമിക ക്രിമിനൽ നിയമശാസ്ത്രത്തിൽ വിവേചനാധികാരമുള്ള ശിക്ഷയാണ് തഅ്സീർ. തഅ്സീറിന് കീഴിൽ, ജഡ്ജിക്ക് ശിക്ഷയിൽ വിവേചനാധികാരമുണ്ട്. കൂടാതെ ബാധകമായ നിയമ ചട്ടക്കൂടിനെയും ജുഡീഷ്യൽ കാര്യങ്ങളെയും ആശ്രയിച്ച് ശിക്ഷകളിൽ തടവ്, പിഴ, ചില കേസുകളിൽ വധശിക്ഷ എന്നിവ ഉൾപ്പെടെ നടപ്പിലാക്കാം.
മുൻകൂട്ടി നിശ്ചയിച്ച ശിക്ഷകളുള്ള കുറ്റകൃത്യങ്ങളുടെ ഒരു നിശ്ചിത പട്ടികയിൽ തഅ്സീർ ഒതുങ്ങിനിൽക്കുന്നില്ല. പൊതു ക്രമത്തിനോ സമൂഹത്തിനോ ഹാനികരമെന്ന് കരുതുന്ന പെരുമാറ്റം ഇതിൽ ഉൾപ്പെടും. എന്നാൽ തഅ്സീർ ശിക്ഷ എന്നത് വധശിക്ഷ മാത്രമാണെന്ന് അർത്ഥമാക്കുന്നില്ല. മാത്രമല്ല, തഅ്സീർ ശിക്ഷകൾക്ക് സൗദി അറേബ്യ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2020ൽ സുപ്രീം കോടതിയുടെ ജനറൽ കമ്മീഷൻ ചാട്ടവാറടി ഇനി തഅ്സീർ ശിക്ഷയായി ഉപയോഗിക്കരുതെന്നും, പകരം തടവ്, പിഴ അല്ലെങ്കിൽ രണ്ടും കൂടി നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
പ്രായപൂർത്തിയാകാത്തവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് തഅ്സീർ വധശിക്ഷ ഒഴിവാക്കാൻ ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജുവനൈൽ തടങ്കൽ കേന്ദ്രങ്ങളിൽ 10 വർഷം വരെ തടവ് ശിക്ഷയാണ് ഇതിനുപകരം വ്യവസ്ഥ ചെയ്തത്. എന്നാൽ മുതിർന്നവർക്ക് തഅ്സീർ പ്രകാരമുള്ള വധശിക്ഷ നിർത്തലാക്കിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |