
ചെന്നൈ: ഐഎസ്ആർഒയുടെ സെമി ക്രയോജെനിക് റോക്കറ്റ് എഞ്ചിൻ പവർ ഹെഡ് പരീക്ഷണം വിജയകരം. പരീക്ഷണം ലക്ഷ്യമിട്ട 88ശതമാനം കരുത്തിൽ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ നിർണായക നാഴികക്കല്ലാണിത്.
ജൂൺ 24ന് തമിഴ്നാട്ടിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലായിരുന്നു പരീക്ഷണം നടന്നത്. എഞ്ചിൻ പവർ ഹെഡ് 175 ടൺ ത്രസ്റ്റ് ലെവലിൽ വളരെ സുരക്ഷിതവും സ്ഥിരയോടെയും പ്രവർത്തിച്ചതായി ഐഎസ്ആർഒ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ 47 ശതമാനം, 60 ശതമാനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളുടെ തുടർച്ചയാണിത്. ഈ പുതിയ നേട്ടം 200 ടൺ കരുത്തിലുള്ള സമ്പൂർണ്ണ പരീക്ഷണത്തിന് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം3-ലെ നിലവിലുള്ള എൽ110 കോർ സ്റ്റേജിന് പകരമായാണ് ഈ പുതിയ സെമി ക്രയോജെനിക് റോക്കറ്റ് എഞ്ചിൻ പവർ ഹെഡ് വികസിപ്പിച്ചിരിക്കുന്നത്. 2,000 കിലോന്യൂട്ടൺ ശേഷിയുള്ള എസ്ഇ2000 എഞ്ചിനും ലിക്വിഡ് ഓക്‌സിജനും മണ്ണെണ്ണയും അടിസ്ഥാനമാക്കിയുള്ള ഇന്ധനവുമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതുവഴി റോക്കറ്റുകളുടെ പേലോഡ് ശേഷി വർദ്ധിപ്പിക്കാനും വിക്ഷേപണങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |