SignIn
Kerala Kaumudi Online
Saturday, 27 June 2026 4.26 PM IST

വിജയ് മന്ത്രിസഭയിലെ അംഗം പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചോ? വീഡിയോ ദൃശ്യങ്ങൾക്ക് പിന്നാലെ വൻ വിവാദം

sarath-kumar
ശരത്കുമാർ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നതരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ, കടപ്പാട് ഇന്ത്യാ ടുഡേ

ചെന്നൈ: തമിഴ്നാട്ടിലെ മാനവവിഭവശേഷി മന്ത്രി ഡി ശരത്കുമാർ മയക്കുമരുന്ന് ഉപയോഗിക്കുന്ന എന്നാരോപിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോട വിവാദം കൊഴുക്കുന്നു. സ്മാർട്ട് ഫോൺ സ്ക്രീനിൽ മയക്കുമരുന്നിന് സമാനമായ വെളുത്ത പൊടിയും കയ്യിൽ എടിഎം കാർഡും അഞ്ഞൂറുരൂപയുമായി ഐപിൽ മത്സരം കാണാൻ സ്റ്റേഡിയത്തിൽ ഇരിക്കുന്ന ശരത്കുമാറിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്മാർട്ട് ഫോൺ സ്ക്രീനിലുളള പൊടി മയക്കുമരുന്നാണെന്നും ശരത്കുമാർ അത് ഉപയോഗിക്കുകയാണെന്നുമാണ് പ്രചാരണം. രണ്ടുവർഷം മുമ്പ് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയുള്ള ദൃശ്യങ്ങളാണ് ഇവ എന്നാണ് റിപ്പോർട്ട്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശരത്കുമാറിനെ എത്രയും പെട്ടെന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ വിജയ് തയ്യാറാവണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. 'തന്റെ മന്ത്രിസഭയിലെ ഒരംഗത്തിനുമേലുളള സംശയത്തിൽ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയെന്ന നിലയിൽ വിജയ്‌യുടെ കടമയാണ്. ശരത്തിന്റെ സത്യസന്ധതയെക്കുറിച്ച് തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഒരുതരത്തിലുള്ള സംശയവും തോന്നരുത്' എന്നായിരുന്നു ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആവശ്യപ്പെട്ടത്. മയക്കുമരുന്നിനെതിരായ മാരത്തൺ കാമ്പയിനിൽ വിജയ് പങ്കെടുത്ത ദിവസം തന്നെയാണ് വീഡിയോ പുറത്തുവന്നതും.

തനിക്കെതിരെ ഉയരുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ശരത്കുമാർ വ്യക്തമാക്കുന്നത്. ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. 'മത്സരം കാണാൻ കുടുംബസമേതമാണ് എത്തിയത്. മകൾ അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഒരു ഗുളിക മുഴുവനായി വിഴുങ്ങാൻ അവൾക്കായില്ല. അതിനാൽ ഗുളിക പാെടിച്ച് വെള്ളത്തിൽ കലക്കി മകൾക്കുകൊടുക്കാൻ ഭാര്യ ആവശ്യപ്പെട്ടു. അതുപ്രകാരം ചെയ്യുകയായിരുന്നു ഞാൻ.സ്റ്റേഡിയത്തിൽ കർശന പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. മാത്രമല്ല ഒരുകൂട്ടം ആൾക്കാർക്കിടയിലാണ് ഞാനും കുടുംബവും ഇരുന്നത്. അങ്ങനെയിരിക്കുമ്പോൾ എങ്ങനെയാണ് മയക്കുമരുന്ന് ഉപയോഗിക്കാനാവുക- ശരത്കുമാർ ചോദിക്കുന്നു.

സംഭവം ഏറെ വിവാദമായെങ്കിലും മുഖ്യമന്ത്രി വിജയ്‌യോ ടിവികെയോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചോ എന്ന് വ്യക്തമല്ല. താംബരത്തുനിന്നുള്ള അംഗമാണ് ശരത്കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY CABINET MINISTER CONTROVERSY, TVK MINISTER CONTROVERSY, CHIEFMINISTER VIJAY, ACTOR VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360