മുംബയ് : ആഡംബര ഭവന പദ്ധതിയിൽ ഉൾപ്പെട്ട അനധികൃത നിർമ്മാണത്തിനെതിരെ പൊളിക്കൽ നടപടികൾ ആരംഭിച്ച് ബ്രിഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). റുസ്‌തോംജി ക്രൗണിലെ പദ്ധതിയിൽ ഉൾപ്പെട്ട 128 ഫ്ളാറ്റുകൾക്കാണ് പൊളിക്കൽ നടപടി സ്വികരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ എന്നിവരുമായി ബന്ധമുള്ള ഫ്ളാറ്റുകളും ഇതിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
കെട്ടിടത്തിലെ ലിഫ്റ്റുകൾക്ക് ചുറ്റുമുള്ള പൊതുവായ തുറന്ന സ്ഥലങ്ങൾ ചില ഫ്ളാറ്റുടമകൾ സ്വന്തം ഫ്ളാറ്റുകളോട് കൂട്ടിച്ചേർത്ത് അനധികൃത നിർമാണം നടത്തിയെന്ന പരാതിയിലാണ് നടപടി. ഏകദേശം 250 കോടി രൂപയിലധികം മൂല്യമുള്ള സ്ഥലമാണ് ഇത്തരത്തിൽ കൈയേറിയതെന്നാണ് കണക്ക്. കെട്ടിടത്തിന്റെ ഈ ഭാഗത്തെ വസ്‌തുവിന് ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപയിലധികം വിലയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ആർ.ടി.ഐ പ്രവർത്തകൻ സന്തോഷ് ദൗണ്ട്കറാണ് 128 ഫ്ളാറ്റുടമകൾ കെട്ടിടത്തിലെ ലിഫ്റ്റുകൾക്ക് ചുറ്റുമുള്ള പൊതുസ്ഥലം കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ച് കൈവശപ്പെടുത്തിയെന്ന പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ജി/ സൗത്ത് വാർഡിലെ ബി.എം.സി അസിസ്റ്റന്റ് കമ്മിഷണർ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു. റുസ്തംജി ക്രൗണിൽ 63 നിലകളുള്ള മൂന്ന് ടവറുകളാണുള്ളത്. ഇതിൽ രണ്ടെണ്ണത്തിന് ബി.എം.സിയുടെ ഒക്ക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
നടപടി നേരിടുന്ന ഫ്ളാറ്റുകളിൽ മഹാരാഷ്ട്ര മന്ത്രിസഭാംഗം സഞ്ജയ് റാത്തോഡിനും ഭാര്യ ശീതൾ റാത്തോഡിനുമായി ബന്ധമുള്ള ഫ്ളാറ്റും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. മുൻ മന്ത്രി ദീപക് കേസർകറിന്റെ ഫ്ളാറ്റും പട്ടികയിലുണ്ട്. ഈ ഫ്ളാറ്റിന് പ്രതിമാസ വാടക 4.20 ലക്ഷം രൂപ നൽകുന്നതായാണ് വിവരം. എംഎൽഎ സദാ സർവങ്കറിന്റെ മകൻ സമാധാൻ സർവങ്കറുമായി ബന്ധപ്പെട്ട ഫ്ളാറ്റും നടപടിയുടെ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ട്. മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രമുഖ വ്യവസായികളുമായും ബന്ധമുള്ള മറ്റ് ഫ്ളാറ്റുകളും ബി.എം.സി പരിശോധിക്കുന്നുണ്ട്. അനധികൃതമെന്ന് കണ്ടെത്തിയ നിർമാണങ്ങൾക്കെതിരെയാണ് ബി.എം.സി നിലവിൽ പൊളിച്ചുനീക്കൽ നടപടി തുടരുന്നത്.
The Brihanmumbai Municipal Corporation (BMC) has initiated demolition procedures against 128 flats in Mumbai's Rustomjee Crown luxury housing project. The action targets unauthorised construction where flat owners illegally encroached upon common areas around lifts, following an RTI activist's complaint. Reports indicate several flats linked to Maharashtra politicians, officials, and prominent industrialists are among those affected by the BMC's move.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |