
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം വേദിയിലെത്തിയ കൊമേഡിയൻ പുൽകിത് മണിയുടെ ഉത്തർപ്രദേശിൽ നടത്താനിരുന്ന മൂന്ന് പരിപാടികൾ റദ്ദാക്കി. മോദി അനുകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായതിന് പിന്നാലെയാണ് നോയിഡ, ലക്നൗ, കാൺപൂർ എന്നിവിടങ്ങളിൽ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയത്. തുടർച്ചയായി ഭീഷണികൾ ലഭിച്ചതിനെ തുടർന്നാണ് ഷോകൾ റദ്ദാക്കിയതെന്ന് മണി സമൂഹമാദ്ധ്യമത്തിലൂടെ ആരോപിച്ചു. ഭീഷണി ആരിൽ നിന്നാണെന്നോ അതിന്റെ സ്വഭാവമെന്തെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
സെപ്തംബർ 19ന് ഇൻഡോറിൽ നടന്ന 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയിലാണ് വിവാദത്തിനിടയാക്കിയ പ്രകടനം. വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനായി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പുൽകിത് വേദിയിലെത്തി. മോദിയുടെ സംസാരശൈലിയും ശരീരഭാഷയും അനുകരിച്ചുള്ള സംഭാഷണമായിരുന്നു അവതരിപ്പിച്ചത്. പരിപാടിയുടെ ദൃശ്യങ്ങൾ കോൺഗ്രസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെയാണ് സംഭവം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായത്.
പ്രകടനത്തിൽ മോദിയുടെ മാതാവിനെക്കുറിച്ചുള്ള പരാമർശമുണ്ടായെന്നും അത് അപമാനകരമാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, പിയൂഷ് ഗോയൽ, കിരൺ റിജിജു എന്നിവർ ശക്തമായ വിമർശനവുമായി രംഗത്തുവന്നു. സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യവും ബി.ജെ.പി നേതാക്കൾ ഉന്നയിച്ചു.എന്നാൽ ആരോപണം കോൺഗ്രസ് തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |