SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.31 PM IST

10 രൂപ നാണയങ്ങൾ ശേഖരിച്ച് മൂന്നുവർഷംകൊണ്ട് സമ്പാദിച്ചത് ഒരുലക്ഷത്തിലധികം രൂപ: പിന്നാലെ സ്വപ്നം സഫലമാക്കി 51 കാരൻ

coin-collection
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: അൽപ്പം ക്ഷമയും വർഷങ്ങളായുള്ള ചെറിയ സമ്പാദ്യവുംകൊണ്ട് എത്ര വലിയ സ്വപ്നവും സാക്ഷാത്കരിക്കാമെന്നതിന്റെ ഉദാഹരണമാണ് തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ 51 കാരനായ ബി രവി ജോസഫ്. മൂന്നുവർഷത്തിനിടെ ശേഖരിച്ചുവച്ച 10 രൂപ നാണയങ്ങൾകൊണ്ട് രവി ജോസഫ് സ്വന്തമാക്കിയത് താൻ ഏറെ നാളായി ആഗ്രഹിച്ചിരുന്ന 1,23,000 ലക്ഷം വില വരുന്ന ഹോണ്ട ആക്ടീവയാണ്. ഈ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ ഷോറൂം ജീവനക്കാർക്ക് ഏകദേശം രണ്ടുമണിക്കൂറിലധികം വേണ്ടിവന്നു.

ലക്ഷെട്ടിപെട്ട് സ്വദേശിയും പള്ളിയിലെ പാസ്റ്ററുമായ രവി ജോസഫ് 2023 ഒക്ടോബർ 10 മുതലാണ് 10 രൂപ നാണയങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. പച്ചക്കറി, പലചരക്ക് സാധനങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ ബാക്കിവരുന്ന 10 രൂപ നാണയങ്ങൾ ചെലവാക്കാതെ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾ പിന്നിട്ടപ്പോൾ നാണയങ്ങളുടെ എണ്ണം കൂടി. ഒടുവിൽ മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സമ്പാദ്യം ലക്ഷത്തിലെത്തുകയായിരുന്നു.

ravi-joseph
രവി ജോസഫും കുടുംബവും ഹോണ്ട ആക്ടീവയുടെ താക്കോൽ ഏറ്റുവാങ്ങുന്നു

10 രൂപ നാണയങ്ങൾ നിരോധിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ കുടുംബാംഗങ്ങൾ ഈ തീരുമാനത്തെ എതിർത്തു. എന്നാൽ തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിന്ന അദ്ദേഹം നാണയങ്ങൾ ശേഖരിക്കുന്നത് തുടരുകയായിരുന്നു. ഏകദേശം പത്തുവർഷങ്ങൾക്ക് മുൻപ് ഒരു ബുള്ളറ്റ് ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്നത്തെ സാമ്പത്തിക പരിമിതികൾ കാരണം ജോസഫിന് അത് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. പിന്നീടാണ് ചെറിയ സമ്പാദ്യത്തിലൂടെ ഹോണ്ട ആക്ടീവ വാങ്ങാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

പുതിയ വാഹനം വാങ്ങിയെങ്കിലും തന്റെ സമ്പാദ്യശീലം അവസാനിപ്പിച്ചിട്ടില്ലെന്നും ഇനിയും 10 രൂപ നാണയങ്ങൾ ശേഖരിക്കുന്നത് തുടരാനാണ് തീരുമാനമെന്നും രവി ജോസഫ് പറയുന്നു. ഭാവിയിൽ സ്വർണം വാങ്ങാനോ മകളുടെ വിവാഹത്തിനോ ഈ സമ്പാദ്യം ഉപയോഗിക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

English Summary

A 51-year-old man, B. Ravi Joseph, from Mancherial district in Telangana, fulfilled his long-time dream of buying a Honda Activa worth ₹1.23 lakh by saving ₹10 coins over three years. His story highlights the power of patience and consistent savings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TELANGANA, HONDA ACTIVA, 10 COINS COLLECTION, VIRAL NEWS INDIA, TELANGANA MAN COIN COLLECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360