മുംബയ്: മുൻ ഇന്ത്യൻ ഓൾറൗണ്ടറും ദേശീയ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറുമായിരുന്ന അജിത് അഗാർക്കറുടെ പ്രവർത്തനങ്ങൾക്ക് പത്തിൽ ഏഴ് മാർക്ക് നൽകി മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ. ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ കാലഘട്ടമായിരുന്നെങ്കിലും ചില താരങ്ങളുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി കൂടുതൽ മെച്ചപ്പെട്ട സമീപനം സ്വീകരിക്കേണ്ടിയിരുന്നുവെന്നാണ് ജാഫറിന്റെ വിലയിരുത്തൽ. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ലോകകപ്പുകൾ, ഏഷ്യാ കപ്പ്, ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ കിരീടങ്ങൾ ഇന്ത്യ നേടിയത് അഗാർക്കറുടെ കാലത്തെ സുപ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചില താരങ്ങളെ കൈകാര്യം ചെയ്ത രീതിയിൽ പാളിച്ചകളുണ്ടായെന്നും ജാഫർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ടീമിലെ സ്ഥാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ജാഫർ പ്രധാനമായും എടുത്തുപറഞ്ഞത്. സൂര്യകുമാർ യാദവിനെ ട്വന്റി-20 ലോകകപ്പ് നേടിയതിന് പിന്നാലെ ടീമിൽനിന്ന് ഒഴിവാക്കിയതും ഭുവനേശ്വർ കുമാറിന് ട്വന്റി-20യിൽ അവസരം ലഭിക്കാതിരുന്നതും അദ്ദേഹം ചോദ്യം ചെയ്തു.
സർഫറാസ് ഖാൻ, ഔഖീബ് നബി, അഭിമന്യു ഈശ്വരൻ എന്നിവരുടെ കാര്യത്തിലും സെലക്ഷൻ കമ്മിറ്റി സ്വീകരിച്ച നിലപാടുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ജാഫർ പറഞ്ഞു. അഗാർക്കറുടെ കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം മികച്ച നേട്ടങ്ങൾ കൈവരിച്ചെങ്കിലും താരങ്ങളെ പരിഗണിക്കുന്നതിൽ കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതിർന്ന താരങ്ങളായ വിരാട് കൊഹ്‌ലിയുടെയും രോഹിത് ശർമയുടെയും ഭാവിയെച്ചൊല്ലിയുള്ള ചർച്ചകൾ കൈകാര്യം ചെയ്ത രീതിയിലും ജാഫർ അതൃപ്തി രേഖപ്പെടുത്തി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനവും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.പി.എല്ലിലെ പ്രകടനത്തിനു പിന്നാലെ ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് പരിഗണിച്ചതും ജാഫർ പരാമർശിച്ചു. അഗാർക്കർ തുറന്നുപറയുന്ന പ്രകൃതക്കാരനാണെന്നും കടുത്ത തീരുമാനങ്ങൾ എടുക്കാൻ മടിക്കാത്തയാളാണെന്നും ചൂണ്ടിക്കാട്ടിയ ജാഫർ, ചില തീരുമാനങ്ങൾ അദ്ദേഹം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും മുൻ താരം കൂട്ടിച്ചേർത്തു.
Former Indian opener Wasim Jaffer rated ex-chief selector Ajit Agarkar's tenure 7 out of 10. While commending India's ODI and T20 success under Agarkar, Jaffer criticized the handling of certain players, including Mohammed Shami, Suryakumar Yadav, and Bhuvneshwar Kumar. He also questioned decisions regarding senior players' futures and captaincy changes, advocating for clearer selection policies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |