
ന്യൂഡൽഹി: ട്രെയിനിൽ കയറുന്നവരുടെ മോശം പെരുമാറ്റവും പൊതുബോധമില്ലായ്മയെയും കുറിച്ച് യുവാവ് പങ്കുവച്ച ദുരനുഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. എട്ട് മണിക്കൂറോളം നീണ്ട യാത്രയ്ക്കിടയിൽ തനിക്കുണ്ടായ മോശം അനുഭവത്തിന്റെ ചിത്രങ്ങൾ കൂടി യുവാവ് എക്സിൽ പങ്കുവച്ചു. കോച്ചിനുള്ളിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും തറയിൽ ചിതറിക്കിടക്കുന്ന ചിത്രമാണ് ഇയാൾ പങ്കുവച്ചത്.
തന്റെ സീറ്റിനടുത്തിരുന്ന ഒരാൾ യാത്രയിലുടനീളം ഭക്ഷണം കഴിക്കുകയും അതിന്റെ അവശിഷ്ടങ്ങൾ സീറ്റിനടിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു. തൊട്ടടുത്ത് തന്നെ ഡസ്റ്റ്ബിൻ ഉണ്ടായിരുന്നിട്ടും ഇയാൾ അത് ഉപയോഗിക്കാൻ തയ്യാറായില്ല. ഇതിനുപുറമെ, രാത്രിയിൽ മറ്റുള്ളവർ ഉറങ്ങാൻ ശ്രമിക്കുമ്പോൾ ഇയാൾ മൊബൈലിൽ ഉറക്കെ റീൽസ് പ്ലേ ചെയ്യാൻ തുടങ്ങിയതായും യുവാവ് ആരോപിച്ചു.
' എട്ട് മണിക്കൂറോളമാണ് ഞാൻ ട്രെയിനിൽ യാത്ര ചെയ്തത്. ഈ സമയമെല്ലാം എന്റെ സീറ്റിനടുത്തിരുന്നയാൾ ഭക്ഷണം കഴിക്കുകയും അതിന്റെ അവശിഷ്ടങ്ങൾ സീറ്റിനടിയലേക്ക് വലിച്ചെറിയുകയുമായിരുന്നു. തൊട്ടടുത്ത് തന്നെ ഡസ്റ്റ്ബിൻ ഉണ്ടായിരുന്നിട്ടും അയാൾ അത് ഉപയോഗിച്ചില്ല. പിന്നീട് എല്ലാവരും ഉറങ്ങാൻ തുടങ്ങിയപ്പോൾ മൊബൈലിൽ ഉറക്കെ വീഡയോകൾ പ്ലേ ചെയ്യാനും തുടങ്ങി.'- യുവാവ് പറഞ്ഞു. ചോദ്യം ചെയ്യാതിരുന്നത് കഴിഞ്ഞ ദിവസം മുംബയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം ഓർമ്മ വന്നിട്ടാണെന്നും യുവാവ് പറഞ്ഞു.
തുടക്കത്തിൽ ഇയാളോട് പ്രതികരിക്കണമെന്നും പൊതുമര്യാദകളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തണമെന്നും കരുതിയെങ്കിലും സുരക്ഷിതത്വം ഓർത്ത് താൻ പിന്മാറുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. ഇത്തരം ആളുകളോട് സംസാരിക്കാൻ പോയാൽ അവർ തെറ്റ് തിരുത്തുന്നതിന് പകരം അക്രമത്തിലേക്ക് തിരിയാൻ സാദ്ധ്യതയുണ്ടെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു.
മഴ കാരണം ട്രെയിനിന്റെ വാതിൽ അടയ്ക്കാൻ ആവശ്യപ്പെട്ട യാത്രക്കാരനെയാണ് കഴിഞ്ഞ ദിവസം സഹയാത്രികൻ കത്തികൊണ്ട് കുത്തിക്കൊന്നത്. സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, ആവശ്യമില്ലാത്ത തർക്കങ്ങളിൽ നിന്ന് മാറിനിൽക്കുന്നതാണ് സ്വന്തം കുടുംബത്തിന് നല്ലതെന്ന് ഉപദേശിച്ചാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |