SignIn
Kerala Kaumudi Online
Friday, 26 June 2026 12.53 AM IST

അയോദ്ധ്യ ക്ഷേത്രഫണ്ട് തട്ടിപ്പില്‍ കേസെടുത്ത് യുപി പൊലീസ്, എട്ട് പേര്‍ക്കെതിരെ എഫ്‌ഐആര്‍

ayodhya

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച 1400 കോടിയില്‍പ്പരം രൂപ തട്ടിച്ചെന്ന ആരോപണത്തില്‍ എട്ടുപേരെ രാമജന്മഭൂമി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചനയുണ്ട്. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണമോഹന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണിത്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി രണ്ടുദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.


ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ വിശ്വസ്തനും സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ മേല്‍നോട്ടം വഹിച്ചിരുന്ന ജീവനക്കാരനുമായ ടിന്നു എന്ന രാംശങ്കര്‍ യാദവ്, മറ്രൊരു ജീവനക്കാരന്‍ അനുകല്‍പ് മിശ്ര തുടങ്ങി എട്ടുപേരാണ് ആദ്യഘട്ട പ്രതിപട്ടികയിലുള്ളത്. കവര്‍ച്ച, വിശ്വാസ വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍.


ആര്‍എസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതും ഈ ട്രസ്റ്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. എന്നാല്‍, സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റ് സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയര്‍ന്നതോടെ ട്രസ്റ്റിനെ ഭരണപരമായ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കുകയായിരുന്നു.


സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലക്നൗ ഡിവിഷണല്‍ കമ്മിഷണര്‍ വിജയ് വിശ്വാസ് പാന്ത്, ഐ.ജി കിരണ്‍.എസ്, ധനവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരടങ്ങിയതാണ് എസ്.ഐ.ടി. അതേസമയം, കോടതി മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.


വിഷയത്തില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് രംഗത്ത് വന്നു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നാണ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അഖിലേഷ് യാദവ് കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AYODHYA, SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360