
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരവേ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഐക്യരാഷ്ട്ര സഭ (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാനായി നാളെ പെസഷ്‌കിയാൻ ന്യൂയോർക്കിലെത്തുന്നുണ്ട്.
പെസഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്താൻ താൻ ഒരുപക്ഷേ തയ്യാറായേക്കാമെന്ന് ട്രംപ് വെളിപ്പെടുത്തി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വാദിക്കുന്ന നേതാവാണ് ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ കൂടിയായ പെസഷ്‌കിയാൻ. യു.എൻ യോഗങ്ങളുമായി ബന്ധപ്പെട്ട് ഈമാസം 28വരെ പെസഷ്‌കിയാനും സംഘവും ന്യൂയോർക്കിലുണ്ടാകുമെന്നാണ് വിവരം.
ഇരുനേതാക്കളും മുഖാമുഖമെത്തിയാൽ ഇറാനിൽ താത്കാലിക വെടിനിറുത്തൽ പുനഃസ്ഥാപിക്കാനോ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനോ ഉള്ള സാദ്ധ്യത തള്ളാനാകില്ല. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പെസഷ്‌കിയാനൊപ്പമുണ്ട്. ഏതുനിമിഷവും യു.എസിന്റെ ശക്തമായ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്ന് ഇറാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അങ്ങനെ സംഭവിച്ചാൽ ഇറാന്റെ തിരിച്ചടി തങ്ങൾക്ക് നേരെയാകുമെന്ന ഭീതി ഗൾഫ് രാജ്യങ്ങളെ അലട്ടുന്നു. ചർച്ച പുനരാരംഭിക്കാനുള്ള ഇറാന്റെ 7 നിബന്ധനകൾ ഖത്തർ യു.എസിന് കൈമാറിയെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.
# മുന്നിൽ മൂന്ന് വഴികൾ: ട്രംപ്
യുദ്ധവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമെടുക്കുന്ന ഘട്ടത്തിലാണ് താനിപ്പോഴെന്ന് ട്രംപ്. ഇറാൻ അവരുടെ പെരുമാറ്റം തിരുത്തിയില്ലെങ്കിൽ 'വളരെ വലിയ കാര്യങ്ങൾ ' ഉടൻ സംഭവിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ആക്രമണം, സാമ്പത്തിക സമ്മർദ്ദം, നയതന്ത്ര ചർച്ച എന്നീ മൂന്ന് വഴികളാണ് തനിക്ക് മുന്നിലുള്ളതെന്നും വ്യക്തമാക്കി.
# നാവിക ഉപരോധം
നീക്കണമെന്ന് ഇറാൻ
ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും എതിരായ യു.എസിന്റെ നാവിക ഉപരോധം നീക്കിയാൽ ജൂണിൽ ആവിഷ്കരിച്ച ഇടക്കാല സമാധാന കരാർ പുനഃസ്ഥാപിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും തയ്യാറായേക്കുമെന്ന് പെസഷ്‌കിയാൻ സൂചന നൽകി.
# വിസ നിഷേധിച്ച് പ്രകോപനം
പെസഷ്‌കിയാന്റെ കമ്മ്യൂണിക്കേഷൻ, മീഡിയ ടീമിലെ ചിലർക്ക് യു.എൻ യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള വിസ യു.എസ് നിഷേധിച്ചത് ഇറാനെ ചൊടിപ്പിച്ചു. പെസഷ്കിയാൻ അടക്കം ഇറാൻ സംഘത്തിന് ന്യൂയോർക്ക് വിടാനും ഷോപ്പിംഗ് നടത്താനും യു.എസ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി
യു.എസ് ആക്രമണം പുനരാരംഭിച്ചാൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
ഹോർമുസിൽ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം. 2 നാവികർക്ക് പരിക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |