
കുമളി: കളിയാക്കിയതിന് അണക്കര സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ശിവകുമാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. മുട്ടിൽ നിറുത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നും കുട്ടി പറയുന്നു. അദ്ധ്യാപകനെ കളിയാക്കിയെന്ന പേരിലാണ് തമിഴ് മീഡിയത്തിൽ പഠിക്കുന്ന കുട്ടിയെ മർദ്ദിച്ചെതെന്നാണ് പരാതി.
. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറഞ്ഞു. മകൻ വേദനിച്ചു കരഞ്ഞതായി അമ്മയും പറഞ്ഞു. വിദ്യാർത്ഥി വണ്ടന്മേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടന്മേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം അന്വേഷിക്കുമെന്ന് സ്‌കൂൾ അധികൃതരും അറിയിച്ചു. അതേസമയം ചൂരലു കൊണ്ട് അടിച്ചെന്നും മറ്റൊരു രീതിയിലും മർദ്ദിച്ചിട്ടില്ലെന്നുമാണ് അദ്ധ്യാപകന്റെ വിശദീകരണം. ക്ലാസിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ തന്നെ കളിയാക്കിക്കൊണ്ട് പുറത്തേക്ക് ഓടി. തിരിച്ചു വിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ധ്യാപകൻ പറഞ്ഞു. ക്ലാസിലെ മറ്റ് കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പി.ടി.എ കമ്മിറ്റി തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |