SignIn
Kerala Kaumudi Online
Saturday, 27 June 2026 4.00 AM IST

ഓപ്പറേഷൻ തൂഫാൻ: രണ്ട് കേസുകളിലായി മൂന്ന് യുവാക്കൾ പിടിയിൽ

accused-francis

നെടുങ്കണ്ടം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി മൂന്ന് യുവാക്കൾ പിടിയിലായി. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാൻസിസ് (22), ചിറക്കുന്നേൽ അൻസിൽ (22), മഞ്ഞപ്പാറ മന്നിക്കൽ ജെയ്ബിൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള ഗുളികകളുടെ പാക്കറ്റുകളും കഞ്ചാവും കണ്ടെടുത്തു. രണ്ട് യുവാക്കളെ പിടികൂടിയതിന് സമീപത്ത് നിന്ന് കഞ്ചാവ് ബീഡി വലിച്ചതിനാണ് ജെയ്ബിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാളും ഇവരുടെ ഭാഗമാണന്നാണ് പൊലീസ് സംശയിക്കുന്നത്. കാൻസർ ബാധിത രോഗികൾക്ക് കീമോ തെറാപ്പിക്ക് ശേഷം വേദനസംഹാരിയായി നൽകുന്ന തീവ്രത കൂടിയ ഗുളികകൾ സോഡിയം ക്ലോറൈഡ് ലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തിവച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. കഞ്ചാവ് വലിക്കുന്നതിനും നൂതന മാർഗങ്ങളാണ് യുവാക്കൾ കണ്ടെത്തിയിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ പപ്പായയുടെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കും. ഇവ രണ്ടും ഒരേ സമയം ചെയ്താൽ രണ്ട് ദിവസം വരെ ലഹരി നിൽക്കുമെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. നെടുങ്കണ്ടം എസ്.ഐ ലിജോ പി. മണിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ നിൽക്കുന്ന യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന കവറിൽ നിന്ന് ഗുളികകളും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും പപ്പായ തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തുകയായിരുന്നു. കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിലെ ക്യാപ്സ്യൂൾ എന്ന മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് ഗുളിക വാങ്ങിയതെന്നും ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളിക വാങ്ങാൻ പറഞ്ഞയച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദിവാകറിനായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് എസ്.ഐ ലിജോ പി. മണി
പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY