SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

കുഴൽ കിണറിൽ നിന്നും സ്വർണം ലഭിച്ചെന്ന് വിശ്വസിപ്പിച്ചു, വ്യാജ സ്വർണക്കട്ടികൾ കാണിച്ച് 25 ലക്ഷം രൂപ തട്ടിച്ച കേസിൽ ഒരാൾ പിടിയിൽ

police

ബംഗളൂരു: കാർ ഡീലർക്ക് വ്യാജ സ്വർണക്കട്ടികൾ നൽകി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതിയിൽ നിന്നും 19.93 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.ബംഗളൂരു വിജയനഗർ സ്വദേശിയായ കാർ ഡീലർ മേയ് 22ന് തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഹരപ്പനഹള്ളിയിലെ കൃഷിഭൂമിയിൽ കുഴൽക്കിണർ കുഴിക്കുന്നതിനിടെ 1.5 കിലോഗ്രാം സ്വർണം ലഭിച്ചുവെന്ന് പ്രതികൾ കാർ ഡീലറെ വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു. ഡീലറുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ സ്വർണക്കട്ടികളുടെ ചിത്രങ്ങൾ വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും പിന്നീട് തിലക് നഗറിലെ ഹോട്ടലിൽ സ്വർണത്തിന്റെ സാമ്പിൾ നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.


ഈ സാമ്പിൾ സ്വർണക്കടയിൽ പരിശോധിച്ച് യഥാർത്ഥമാണെന്ന് ഉറപ്പുവരുത്തിയ പരാതിക്കാരൻ ആദ്യം രണ്ട് ലക്ഷം രൂപയും പിന്നീട് ബാക്കി 23ലക്ഷം രൂപയും പ്രതികൾക്ക് കൈമാറി. പണത്തിന് പകരമായി 1.5 കിലോയോളം വരുന്ന സ്വർണക്കട്ടികളും ഡീലർക്ക് ലഭിച്ചു. എന്നാൽ സ്വർണം ജ്വല്ലറിയിൽ എത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണക്കട്ടികൾ വ്യാജമാണെന്ന് ഇയാൾ തിരിച്ചറിഞ്ഞത്.


ഡീലറുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 17ന് ചിത്രദുർഗയിലെ എൻഎച്ച്-48ന് സമീപമുള്ള ഒരു ധാബയിൽ വച്ചാണ് പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ 19.93 ലക്ഷം രൂപയും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ജൂൺ 18ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പിൽ പങ്കാളികളായ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ARREST, CHEATING, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY