ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിൽ അധികൃതർക്ക് മാത്രമല്ല, പെരുമ്പാവൂർ പൊലീസിനും ഗുരുതര വീഴ്ച. ജയിൽ ചാടിയ ശേഷം പ്രതി അസാം ധേമാജി സ്വദേശി മധുർജ്യ സോനോവാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയിട്ടും തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞില്ല.
മോഷ്ടിച്ച മൊബൈൽ ഫോണുകൾ പെരുമ്പാവൂരിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നു കണ്ടെടുത്ത 9 മൊബൈൽ ഫോണുകളും എടത്തല വ്യവസായ മേഖലയിലെ മാമ്പിള്ളി പ്ലൈവുഡ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് മോഷ്ടിച്ചതായതിനാൽ പ്രതിയെ എടത്തല പൊലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോൾ ഇയാളുടെ ആധാർ കാർഡ് പെരുമ്പാവൂർ പൊലീസ് വാങ്ങിയിരുന്നു. ജയിൽ ചാടിയ ശേഷം പ്രതി ഇത് തിരിച്ചുവാങ്ങാനാണ് പെരുമ്പാവൂർ സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇയാളെ തിരിച്ചറിഞ്ഞില്ല. പിന്നാലെ മറ്റൊരു പൊലീസുകാരൻ എത്തിയപ്പോൾ തിരിച്ചറിയുമോയെന്ന സംശയത്താൽ സ്റ്റേഷനിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടരാൻ പൊലീസ് ശ്രമിച്ചതുമില്ല.
പെരുമ്പാവൂർ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരിലെ ഒരു മൊബൈൽ കടയിൽ പണം വായ്പ ചോദിച്ച് എത്തിയിരുന്നതായും വിവരം ലഭിച്ചു. കടയുടമ പണം നൽകിയില്ല.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് പ്രതി ജയിൽ ചാടിയതെന്ന് കരുതുന്നു. അടുത്തിടെ ജയിലിൽ പണിത അടുക്കളയുടെ ഭിത്തി വഴി കയറി പിൻവശത്തെ മതിൽ ചാടി കടന്നിട്ടുണ്ടാകാമെന്നാണ് അനുമാനം. രക്ഷപ്പെടുമ്പോൾ മഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചിരുന്നത്. ആലുവ പൊലീസിന് സമാന്തരമായി ജയിൽ ഉദ്യോഗസ്ഥരും പ്രതിക്കായി തെരച്ചിൽ നടത്തുന്നുണ്ട്. പ്രതി രക്ഷപ്പെടുമ്പോൾ ജയിലിൽ ടൈൽ വർക്ക് ചെയ്തിരുന്ന ബംഗാളികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് പങ്കില്ലെന്നാണ് കരുതുന്നത്.
57 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ആലുവ സബ് ജയിലിൽ 114 പേരുണ്ട്. ജയിൽ സൂപ്രണ്ട് ഉൾപ്പെടെ 17 ഉദ്യോഗസ്ഥരാണുള്ളത്. ഇവരിൽ മൂന്ന് പേർ മിനിസ്റ്റീരിയൽ ചുമതലയാണ് നിർവഹിക്കുന്നത്. അവശേഷിക്കുന്നവരാണ് രണ്ട് ഷിഫ്ടുകളിലായി ജോലി ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |