
കോഴിക്കോട്: കഴിഞ്ഞ മാസം കോഴിക്കോട് നഗരത്തിൽ നിന്ന് കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. കാണാതായി 36 ദിവസത്തിന് ശേഷമാണ് കൊളവല്ലൂരിലെ കെട്ടിടം വളഞ്ഞ് രക്ഷപ്പെടുത്തിയത്. എന്നാൽ, രഹസ്യവിവരം ലഭിച്ച പ്രതികൾ പൊലീസ് എത്തുന്നതിന് മുമ്പുതന്നെ കടന്നുകളഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ ഉൾപ്പെടെ തടങ്കലിൽ പാർപ്പിച്ച സംഘത്തിലെ ഏഴുപേർക്കെതിരെ ചേവായൂർ പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘം വ്യാപകമായി അന്വേഷണം നടത്തുന്നുണ്ട്. പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ കുട്ടിയെ കോഴിക്കോട് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. മേയ് 15നാണ് ചേവായൂർ സ്റ്റേഷൻ പരിധിൽ നിന്ന് കുട്ടിയെ കാണാതാവുന്നത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ഇൻസ്‌പെക്‌ടർ ടി മഹേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കാറിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്.
ബന്ധുവിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശേരിയിൽ എത്തിച്ചതായി അറിഞ്ഞു. പിന്നീട് സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് കുട്ടി തൃശൂർ കെഎസ്‌ആർടിസി സ്റ്റാൻഡിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. സൈബർ പൊലീസ് സഹകരണത്തോടെ തൃശൂർ സ്റ്റാൻഡിൽ എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഒരു സുഹൃത്താണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |