സുൽത്താൻബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേയ്ക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലോറിയിൽ എം.ഡി.എം.എ. കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. നൂൽപ്പുഴ നായ്ക്കട്ടി സ്വദേശികളായ തേർവയൽ സഫനാസ് (37) നിരപ്പം മതിലകത്ത് വീട്ടിൽ അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 23. 983 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ ലഹരിയുമായി പിടിയിലായത്. കർണാടകയിൽനിന്ന് കേരളത്തിലേയ്ക്ക് വരുകയായിരുന്ന ലോറിയിലെ യാത്രക്കാരായിരുന്നു ഇരുവരും. സഫനാസിന്റെ അരയിൽ സിഗരറ്റ് പാക്കറ്റിനകത്ത് പോളിത്തീൻ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. കർണാടകയിൽ നിന്ന് ശേഖരിക്കുന്ന ലഹരി വസ്തുക്കൾ സംസ്ഥാനത്തെ ലഹരി മാഫിയയ്ക്ക് എത്തിച്ചുകൊടുക്കുന്നസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ പൊലീസ് വിശദമായ ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരുകയാണ്.
സുൽത്താൻ ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ശ്രീകാന്ത് എസ്. നായരുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, യദുഗോപാൽ, എ.എസ്.ഐമാരായ അശോകൻ, ശ്യാംലാൽ, സന്തോഷ്, എസ്.സി.പി.ഒ. ദിവാകരൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |