SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.28 AM IST

ഉത്സവ സീസണിൽ  അധികം അരി നൽകില്ല, ഓണത്തിന് അധികം വാങ്ങിയെന്ന് എഫ്.സി.ഐ

a


#ഓണത്തിന് അധികം വാങ്ങിയെന്ന് എഫ്.സി.ഐ
#വിലനിയന്ത്രണത്തിന് തിരിച്ചടിയാവും

തിരുവനന്തപുരം: ഉത്സവ സീസണിൽ അധികം അരി ചോദിക്കരുതെന്ന് സംസ്ഥാനത്തിന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അറിയിപ്പ്. ഭക്ഷ്യവകുപ്പിന് അയച്ച കത്തിലാണ് എഫ്.സി.ഐ ഇക്കാര്യം അറിയിച്ചത്. ഇതോടെ അടുത്ത ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ പാളുമെന്ന ആശങ്കയിലാണ് ഭക്ഷ്യവകുപ്പ്.

ഓണത്തിന് ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഒ.എം.എസ്.എസ് ) വഴി എഫ്.സി.ഐയിൽ നിന്ന് കേരളം കൂടുതൽ അരി വാങ്ങിയെന്ന് അയൽ സംസ്ഥാനത്തെ കുത്തക മില്ലുടമകൾ കേന്ദ്ര ഭക്ഷ്യ വകുപ്പിന് പരാതി നൽകിയിരുന്നു. വിലക്കയറ്റം സൃഷ്ടിച്ച് കൊള്ളലാഭം കൊയ്യാനുള്ള പദ്ധതി പാളിയതാണ് അവരെ പ്രകോപിപ്പിച്ചത്.

കേന്ദ്ര സർക്കാർ നൽകുന്ന റേഷൻ വിഹിതത്തിനു പുറമെ എഫ്.സി.ഐയിൽ നിന്നു കിലോഗ്രാമിന് 23.20 രൂപ നിരക്കിൽ ഒ.എം.എസ് സ്കീം മുഖേന സംസ്ഥാന സർക്കാർ കഴിഞ്ഞ ഓഗസ്റ്റ് , സെപ്തംബർ മാസങ്ങളിലായി 22,500 ടൺ അരി സംഭരിച്ചിരുന്നു. റേഷൻ കടകൾ വഴി സാധാരണ വിഹിതത്തിനു പുറമെ കിലോഗ്രമിന് 26 രൂപയ്ക്കും സപ്ലൈകോ വഴി 33 രൂപയ്ക്കുമാണ് ഈ അരി വിതരണം ചെയ്തത്. കാർഡ് ഒന്നിന് കുറ‌ഞ്ഞത് 35 കിലോഗ്രാം അനുവദിച്ചു. ഇതുകാരണം ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടായില്ല.

സംസ്ഥാനത്തെ വ്യാപാരികൾ അരി ഓർഡർ പകുതിയിലേറെ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി. ഇതോടെയാണ് സംസ്ഥാനത്തിനു പുറത്തുള്ള മില്ലുടമകൾ പരാതിയുമായി കേന്ദ്രത്തെ സമീപിച്ചത്.

ഓണത്തിന് എത്തിയത്

'കാക്കിനട' അരി

രുചിയും വേവിന്റെ ഗുണവും കൊണ്ട് പ്രസിദ്ധമായ കാക്കിനട അരിയാണ് ഓണത്തിന് എഫ്.സി.ഐ വഴി കേരളത്തിന് അധികമായി ലഭിച്ചത്. ഗോദാവരി ജില്ലയിലെ കാക്കിനട മേഖലയിൽ ഉല്പാദിപ്പിക്കുന്ന അരി പൊതുവേ ഈ പേരിലാണ് അറിയപ്പെടുന്നത്. ജയ അരിക്ക് പകരമുള്ള ബൊണ്ടാലു, ആന്ധ്ര വെള്ള എന്നീ ഇനങ്ങൾക്ക് കേരളത്തിൽ ഡിമാൻഡ് കൂടുതലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA