
കൊച്ചി: ''ഉറുമ്പിനെ പോലും നോവിക്കാത്ത ഞങ്ങളുടെ അച്ഛന് നീതി കിട്ടുംവരെ പിന്മാറില്ല. അതുവരെ പ്രതിഷേധവും നിയമനടപടികളും തുടരും."" ജഡ്ജിപുത്രനായ 17കാരൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ചേരാനല്ലൂർ സ്റ്റേഷനു മുന്നിലെ പ്രതിഷേധത്തിനിടെ നിറകണ്ണുകളോടെ 'കേരളകൗമുദി"യോട് പറഞ്ഞു.
ഞായറാഴ്ച രാത്രി 11 വരെ ഞങ്ങൾ പൊലീസ് സ്റ്റേഷനിലായിരുന്നു. തലകറക്കം വന്നതിനാൽ ആശുപത്രിയിൽ പോയി. പിന്നീട് നടന്നത് എന്താണെന്ന് അറിയില്ല. എന്തൊക്കെയോ പറഞ്ഞ് ചേട്ടനെ പൊലീസ് വിട്ടു. ഉച്ചയ്ക്ക് ഒന്നുവരെ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടെന്നല്ലാതെ മറ്റൊരു കാര്യവും അറിയിച്ചില്ല. അതിനാലാണ് നീതിക്കായി ഇവിടെ വന്നിരിക്കുന്നത്.
രണ്ടുതവണ കൈയിൽ കിട്ടിയിട്ടും പ്രതിയെ ആദ്യം പൊലീസ് പിടികൂടിയില്ല. സ്റ്റേഷനിൽ ആദ്യമെത്തിയ ചേട്ടനെടുത്ത പ്രതിയുടെ ഫോട്ടോ ജഡ്ജിയുടെ കൂടെവന്ന ഒരാൾ ഡിലീറ്റ് ചെയ്തു. ബലമായി ഫോൺ പിടിച്ചുവാങ്ങി ഒരു പൊലീസുകാരൻ ജഡ്ജിയുടെ ഒപ്പംവന്നയാൾക്ക് നൽകി. ഗ്യാലറി, റീസൈക്കിൾ ബിൻ, വാട്ട്സ്ആപ്പിൽ കൊടുത്തവ എന്നിവയും ഡിലീറ്റ് ചെയ്തു.
തുടക്കം മുതൽ അച്ഛനെ കൊന്നവരെ പിന്തുണക്കുകയാണ്. അച്ഛന്റെ ശരീരം വിട്ടുകിട്ടാൻ 12 മണിക്കൂർ വേണ്ടിവന്നു. പ്രതിയെ ആദ്യം പറഞ്ഞുവിടാൻ മൂന്നു മണിക്കൂറേ എടുത്തുള്ളു. രണ്ടാമത് വീണ്ടും പിടിച്ചെങ്കിലും വൈകാതെ ജാമ്യം ലഭിച്ചു. ക്രൈം ബ്രാഞ്ചിന് കേസ് വിട്ടാലും പ്രതി ജഡ്ജിയുടെ മകൻ തന്നെയല്ലേ? ഇവിടത്തേതു പോലെ അവിടെയും പൊലീസ് പിന്തുണയ്ക്കില്ലെന്ന് ഉറപ്പില്ല. രണ്ടുമാസം മുമ്പാണ് ജോലിക്ക് ഹൈദരാബാദിലേക്ക് പോയത്. അതിന് മുമ്പ് അച്ഛനൊപ്പം കടയിലുണ്ടായിരുന്നു. - ഭദ്രകീർത്തി പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി.രാജീവ് എന്നിവർ ഭദ്രകീർത്തിയുമായി ഫോണിൽ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഐക്യദാർഢ്യം അറിയിച്ച് സ്റ്റേഷനിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |