SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

'അമ്മ' അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക്, ശ്വേതയുടെ ഭരണസമിതിക്ക് തുടരാമെന്ന് കോടതി

aa

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ആഭ്യന്തരകലഹം തുടരുന്നതിനിടെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം എറണാകുളം മുനിസിഫ് കോടതി വിലക്കി. ശ്വേതാമേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ ഭരണസമിതിക്ക് തുടരാം. അഡ്ഹോക് കമ്മി​റ്റി​യുടെ പേരി​ൽ യോഗം ചേരാനോ പ്രമേയം പാസാക്കാനോ പാടില്ല. ശ്വേതാമേനോൻ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് നിയമാവലിക്ക് വിരുദ്ധമാണെന്നാണ് ശ്വേതാമേനോന്റെ വാദം. അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിക്ക് നോട്ടീസ് അയയ്‌ക്കാനും കോടതി നിർദ്ദേശിച്ചു. 13ന് ഹർജി വീണ്ടും പരിഗണിക്കും. കോടതി ഉത്തരവിനെ തുടർന്ന് ശ്വേതാമേനോനും കുക്കു പരമേശ്വരനും ഉൾപ്പെടെ രാജിവയ്‌ക്കാത്ത ഭരണസമിതി അംഗങ്ങൾ ഇന്ന് കലൂരിലെ അമ്മ ഓഫീസിൽ എത്തുമെന്നാണ് സൂചന. പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് അമ്മ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ 21ന് ചേർന്ന പൊതുയോഗത്തിൽ രാജിവയ്‌ക്കുന്നതായി ശ്വേതാമേനോൻ അറിയിച്ചിരുന്നു. മറ്റു ഭാരവാഹികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എന്നാൽ, ആരും രാജിക്കത്ത് സമർപ്പിച്ചില്ല. ശ്വേതാമേനോൻ ഉൾപ്പെടെ യോഗത്തിൽനിന്ന് പോയശേഷമാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. പൊതുയോഗത്തിൽ രാജി പ്രഖ്യാപിച്ച ആരും രേഖാമൂലം രാജിക്കത്ത് സമർപ്പിച്ചില്ലെന്നും ശ്വേതാമേനോൻ വഞ്ചിച്ചെന്നും രമേഷ് പിഷാരടി, കെ.ബി. ഗണേശ്കുമാർ എന്നിവർ പറഞ്ഞിരുന്നു. പിന്നാലെ, നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന് ശ്വേത പ്രഖ്യാപിച്ചിരുന്നു.നാലുപേർ രാജിവച്ചെങ്കിലും ഭരണസമിതി നിലവിലുണ്ടെന്നും വ്യക്തമാക്കി. ഭരണസമിതി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവരാണ് കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയത്. അൻസിബ ഹസൻ കഴിഞ്ഞ ജനുവരിയിൽ രാജിവച്ചിരുന്നു. ഇവരൊഴികെ 17അംഗ സമിതിയിലെ മറ്റാരും രാജിക്കത്ത് നൽകിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA