
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധി ഇന്നുണ്ടാകും എന്നതിലും ആശങ്ക. ഇന്നലെ വിധി പറയും എന്നായിരുന്നു റിപ്പോർട്ട്. പ്രതിയെ ഇന്ന് കോടതിയിൽ എത്തിക്കേണ്ടതില്ലെന്നും വീഡയോ കോൺഫറൻസിലൂടെ ഹാജരാക്കിയാൽ മതിയെന്നുമാണ് കോടതി നിർദ്ദേശം.പാലക്കാട് അഡിഷണൽ സെഷൻസ് കോടതി നാലാണ് വിധി പറയുന്നത്. ചെന്താമരയെക്കുറിച്ചുള്ള മെറ്റിഗേഷൻ റിപ്പോർട്ട് ഹാജരാക്കാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടു. ഇതുകൂടി പരിഗണിച്ചാവും വിധി പറയേണ്ടിവരിക. കുറ്റവാളികൾക്ക് വധശിക്ഷയോ ജീവപര്യന്തമോ പോലുള്ള കഠിനമായ ശിക്ഷകൾ നൽകുന്നതിനു മുൻപ് അവരുടെ മാനസികാവസ്ഥയും പശ്ചാത്തലവും മാറ്റങ്ങൾക്കുള്ള സാദ്ധ്യതയും വിലയിരുത്തി കോടതിയിൽ സമർപ്പിക്കുന്ന രേഖയാണ് മിറ്റിഗേഷൻ റിപ്പോർട്ട്.
അന്തിമവാദം പൂർത്തിയായി
കേസിൽ അന്തിമവാദം ഇന്നലെ പൂർത്തിയായി, പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമര സ്ഥിരം കുറ്റവാളിയാണ്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാണ്. ഇനിയൊരു മാനസാന്തരത്തിന് സാദ്ധ്യതയില്ല. ഗാന്ധിജിയല്ല താൻ എന്ന പ്രതിയുടെ മനോഭാവം ഇതിന് ഉദാഹരണമാണ്. 2019ൽ സജിതയെ കൊന്ന പ്രതി. പക മനസിൽവച്ചാണ് 2025ൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. മുൻകൂർ തയ്യാറെടുപ്പ് നടത്തിയാണ് കൊലപാതകങ്ങൾ നടത്തിയത്. സുധാരന്റെ കുടുംബത്തിൽ അവശേഷിക്കുന്നവരുടെ സുരക്ഷ പരിഗണിക്കണം. പ്രായം പരിഗണിച്ച് ശിക്ഷ ഇളവ് നൽകരുത്. എന്നാൽ, മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.
''ദൃക്സാക്ഷികളില്ലാത്ത കേസിലും വധശിക്ഷ നൽകുന്നതിന് കോടതിക്ക് തടസമില്ല. പക്ഷേ, അക്കാര്യവും കോടതി പരിഗണിക്കും.
കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം കിട്ടില്ല. പ്രതിയുടെ മാനസിക നിലയ്ക്ക് യാതൊരു തകരാറും ഇല്ല.
-എം.ജെ.വിജയകുമാർ, പ്രോസിക്യൂട്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |