
കോഴിക്കോട്: മൂന്ന് കോടി രൂപയ്‌ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എം.എൽ.എയെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം.
വാട‌്സ്ആപ്പിലാണ് വിളിയെത്തിയത്. സിംകാർഡ് ഉടമയുടെ മേൽവിലാസം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് വ്യാജമാണോ എന്ന് പരിശോധിക്കും. അന്വേഷണത്തിനായി സെെബർ സെൽ അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലേക്ക് പോകും.
പ്രിയങ്ക ഗാന്ധി എം.പിയുടെ ഓഫീസിൽ നിന്ന് രാജ്കുമാറാണെന്ന് പരിചയപ്പെടുത്തിയാണ് കഴിഞ്ഞ ആറിന് വിദ്യയ്‌ക്ക് വിളിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. ജില്ലയിലെ എം.പിയിൽ നിന്നാണ് നമ്പർ വാങ്ങിയതെന്നാണ് വിളിച്ച രാജ്കുമാർ വിദ്യയോട് പറഞ്ഞത്.
സംശയത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ 11ന് പരാതി നൽകിയത്. അതിനിടെ രാജ്കുമാർ പറഞ്ഞ എം.പിയുമായി വിദ്യ സംസാരിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിച്ചതെന്നും മറ്റ് രണ്ട് എം.എൽ.എമാരുടെ നമ്പർ കൂടി നൽകിയെന്നും അദ്ദേഹം അറിയിച്ചു.
പല എം.എൽ.എമാരെയും വിളിച്ചു: വിദ്യ
തട്ടിപ്പുകാർ മറ്റുപല എം.എൽ.എമാരെയും വിളിച്ചിട്ടുണ്ടെന്ന് വിദ്യ ബാലകൃഷ്ണൻ പറഞ്ഞു. പലരോടും പല തുകയാണ് ആവശ്യപ്പെട്ടത്. കോൺഗ്രസിൽ പണം വാങ്ങി മന്ത്രിസ്ഥാനം നൽകാറില്ല. മന്ത്രിസഭ പുനഃസംഘടനയ്‌ക്ക് സാദ്ധ്യതയില്ലെന്ന് എല്ലാവർക്കുമറിയാം. കൃത്യമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |