
കൊച്ചി: മറവിരോഗം (അൽഷിമേഴ്‌സ്) ബാധിച്ച 93കാരിയായ അവിവാഹിതയുടെ രക്ഷാകർത്താവായി 76 കാരിയായ സഹോദരിയെ ഹൈക്കോടതി നിയോഗിച്ചു. രണ്ടുപേരും അവിവാഹിതരാണ്.
എറണാകുളം കോലഞ്ചേരി സ്വദേശികളായ ഇവർ ഇതിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരത്തിൽ ചുമതലപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ലെങ്കിലും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും മറ്റും കണക്കിലെടുത്ത് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുകൂല ഉത്തരവിടുകയായിരുന്നു.ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് രക്ഷിതാവ് പ്രവർത്തിക്കേണ്ടത്.
കിടപ്പിലായ 93കാരിക്ക് ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ കൈകാര്യം ചെയ്യാൻ കഴിയില്ല. കോമയിലുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും മാനസിക വെല്ലുവിളി നേരിടുന്നവരുടെയും കാര്യത്തിൽ രക്ഷിതാവിനെ നിയമിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും മറവിരോഗികളെ ആ ഗണത്തിൽ പെടുത്തിയിട്ടില്ലെന്നത് കോടതി കണക്കിലെടുത്തു.
ആറു മാസം കൂടുമ്പോൾ ബാങ്കിലെ തുക ഏത് രീതിയിൽ വിനിയോഗിച്ചു എന്നതിലടക്കം സഹോദരി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകണം. നിയമപരമായി മാത്രമേ ചെലവഴിക്കാവൂ. സഹോദരി ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയുണ്ടെങ്കിൽ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ ഹൈക്കോടതിയെ സമീപിക്കാം. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചാൽ കോടതിയെ അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |