
പിഴ പൗരന്മാരെ ദ്രോഹിച്ചതിന്
തിരുവനന്തപുരം: ഭൂവുടമയിൽ നിന്ന് നികുതി സ്വീകരിക്കാനുള്ള ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കാതിരുന്ന തിരുവനന്തപുരം ആർ.ഡി.ഒ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് 30000രൂപ പിഴ ചുമത്തി ഹൈക്കോടതി. തിരുവനന്തപുരം തഹസിൽദാർ (ലാൻഡ് റെക്കോർഡ്സ്), വഞ്ചിയൂർ വില്ലേജ് ഓഫീസർ എന്നിവരാണ് പിഴ ചുമത്തപ്പെട്ട മറ്റ് രണ്ട് പേർ.
വഞ്ചിയൂർ വില്ലേജിലെ 4.151 സെന്റ് ഭൂമിയുടെ ഉടമസ്ഥതയും കൈവശാവകാശവും തനിക്കായിട്ടും നികുതി സ്വീകരിക്കുന്നില്ലെന്ന് കാട്ടി റിട്ട. അഡിഷണൽ സെക്രട്ടറി എ. മൈതീൻ പിള്ള ലോകായുക്തയിൽ ഹർജി നൽകിയിരുന്നു. 2018 വരെ കൃത്യമായി ഭൂനികുതി അടച്ചങ്കിലും, റീസർവേയുടെ ഭാഗമായി യഥാർത്ഥ വിസ്തൃതി 3.53 സെന്റായി കുറഞ്ഞെന്ന കാരണത്താൽ പിന്നീട് വില്ലേജ് അധികാരികൾ മുഴുവൻ സ്ഥലത്തിനും നികുതി സ്വീകരിക്കാൻ തയ്യാറായില്ല. റീ-സർവേ നടപടികളെ തുടർന്ന് ഭൂമിയുടെ അളവിൽ കുറവുണ്ടായാൽ, സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമോ സിവിൽ കോടതി വഴിയോ ഉള്ള അന്തിമ തീർപ്പുണ്ടാകുന്നതുവരെ, മുഴുവൻ ഭൂമിക്കും നികുതി സ്വീകരിക്കാമെന്ന് സർക്കാർ ഉത്തരവുള്ളതായി ലോകായുക്ത ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 4.151 സെന്റിനുള്ള നികുതി താത്കാലികമായി സ്വീകരിക്കാൻ ലോകായുക്ത റവന്യൂ ഉദ്യോഗസ്ഥർക്ക് ഇടക്കാല ഉത്തരവ് നൽകി. ഈ ഉത്തരവിനെതിരെ റവന്യൂ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.
സാധാരണക്കാരായ പൗരന്മാർക്ക് ആശ്വാസകരമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ തയ്യാറാകാതെ റവന്യൂ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ച നടപടിയെ ഹൈക്കോടതി വിമർശിച്ചു. പൗരന്മാരെ ദ്രോഹിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് ഹർജിക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് 30,000 രൂപ പിഴയീടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ തുക സർക്കാർ മൈതീൻ പിള്ളയ്ക്ക് നൽകിയ ശേഷം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. 3 ഉദ്യോസ്ഥരും 10000 രൂപ വീതം നൽകണം. സർക്കാർ ഉത്തരവുകൾ ധിക്കരിച്ച ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി പരിഗണിക്കണമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |