
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവീസെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) നിയമനം അട്ടിമറിക്കാൻ ഉന്നതതലത്തിൽ തിരക്കിട്ട നീക്കങ്ങൾ.
കെ.എ.എസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ജനുവരി 30 ന് നിലവിൽ വന്നെങ്കിലും ,7 മാസത്തിലേറെയായി നിയമനം സ്തംഭിച്ചിരിക്കുകയാണ്. 31 തസ്തികകൾ സൃഷ്ടിക്കുന്നതിനായി 2023 മുതൽ ആരംഭിച്ച ഫയലുകളുടെ നീക്കം തടസ്സപ്പെടുത്തിയും വിയോജനക്കുറിപ്പുകളും തടസ്സവാദങ്ങളും ഉന്നയിച്ചും കെ.എ.എസ് നിയമനങ്ങൾക്ക് തടയിടാനാണ് സെക്രട്ടേറിയറ്റ് സംഘടനകളുടെ ശ്രമമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. 3 പേർക്ക് മാത്രമാണ് ഇതിനകം പി.എസ്.സി അഡ്വൈസ് മെമ്മോ കിട്ടിയത്.
ഈഴവ വിഭാഗത്തിൽപ്പെട്ട ഏഴ് ഉദ്യോഗാർത്ഥികളുടേതുൾപ്പടെ ഉയർന്ന തസ്തികകളിലേക്കുള്ള നിരവധി സംവരണ സമുദായങ്ങളുടെ അവസരങ്ങൾ കൂടിയാണ് ഇതു മൂലം നഷ്ടപ്പെടുന്നത്. റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പല തവണ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ടപ്പോഴും 31 പേർക്ക് നിയമനം നൽകുമെന്ന ഉറപ്പാണ് ലഭിച്ചത്. റാങ്ക്
ലിസ്റ്റ് നിലവിൽ വന്നശേഷം അഡ്വൈസ് മെമ്മോ അയയ്ക്കുന്നതിന് പി.എസ്.സി നിശ്ചിത പ്രൊഫോർമയിൽ ഒഴിവുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും ഇവയിൽ നിന്ന് കണ്ടെത്തേണ്ട 45 തസ്തികകളുടെ താത്കാലിക ലിസ്റ്റ് തീരുമാനത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും, ഉടനെ അറിയിക്കാമെന്നും പി.എസ്.സിയെ നേരത്തേ അറിയിച്ചിരുന്ന പൊതുഭരണ വകുപ്പ്, ഇപ്പോൾ ലിസ്റ്റിനെതിരായ വാദമാണ് ഉയർത്തുന്നത്. കെ.എ.എസ് പരീക്ഷയിൽ റാങ്ക് നേടിയവരിൽ പലരും സിവിൽ സർവീസ് ഉൾപ്പെടെയുള്ള പരീക്ഷകളിൽ മികവ് തെളിയിച്ചവരാണ്. ഉയർന്ന വിദ്യാഭ്യാസവും വിവിധ മേഖലകളിൽ തൊഴിൽ പരിചയവുമുള്ള കെ.എ.എസ്
ഉദ്യോഗാർത്ഥികളെ സർക്കാർ അവഗണിക്കുന്നുവെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |