
ആലപ്പുഴ: വിശ്വസുന്ദരിയാകാൻ ഒരുങ്ങുന്ന കസിയ ലിസ് മെജോയുടെ പ്രചോദനം അമ്മ സുജ മെജോയാണ്. ഫാഷൻ രംഗത്ത് വലിയ താത്പര്യമായിരുന്നു സുജയ്ക്ക്. മിസ് പത്തനംതിട്ടയായിരുന്നു സുജ. ഹരിപ്പാട് കരീപ്പുഴ കിണറ്റുകര വീട്ടിൽ മെജോ എബ്രഹാമാണ് കസിയയുടെ പിതാവ്. ബിസിനസുകാരനാണ്. കസിയ പഠിച്ചതും വളർന്നതും അബുദാബിയിൽ. അബുദാബി ഇന്ത്യൻ സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം,
കേരള സോഷ്യൽ സെന്റർ എന്നിവയുടെ വിവിധ പരിപാടികളിലും ഫാഷൻ മത്സരങ്ങളിലും
സജീവമായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ബംഗളൂരു മണിപ്പാൽ സർവകലാശാലയിൽ രണ്ടാംവർഷ നിയമവിദ്യാർത്ഥിയാണ്. മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിനായി ഒരു മാസത്തോളം കഠിനമായ തയ്യാറെടുപ്പിലായിരുന്നു. ദിവസം മൂന്നു മണിക്കൂർ മാത്രമായിരുന്നു ഉറക്കം. 2024ൽ 17-ാം വയസിൽ മിസ് ടീൻ ദിവ കിരീടം നേടിയ കസിയ, 2025ൽ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായി.
മാസങ്ങൾ നീണ്ട ഓഡിഷനുകൾക്കും ഗ്രൂമിംഗ് സെഷനുകൾക്കും ശേഷമാണ് കസിയ ഉൾപ്പെടെ 52 പേർ ഗ്രാൻഡ് ഫിനാലെയിലെത്തിയത്.
സുസ്മിത സെൻ, സെലീന ജെയ്റ്റ്ലി, ഉർവശി റൗട്ടേല, റിയ സിംഗ് എന്നിവർ ഉൾപ്പെട്ടതായിരുന്നു ജൂറി. സിനിമയിലും സജീവമാകണമെന്നാണ് കസിയയുടെ ആഗ്രഹം. കസിയയും സഹോദരി കാരൻ സൈറ മെജോയും 'ഷൈലോക്ക് "എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |