SignIn
Kerala Kaumudi Online
Sunday, 25 October 2026 2.06 AM IST

വിജിലൻസിന്റെ വിവരാവകാശം വെട്ടിയത് ഉന്നതരെ രക്ഷിക്കാൻ

READ ENGLISH VERSION
rti

#ഓഫീസ് സെക്ഷൻ തിരിച്ച്
ഒഴിവാക്കുന്നത് നിയമവിരുദ്ധം

തിരുവനന്തപുരം: വിജിലൻസിലെ രണ്ട് സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയതോടെ ഉന്നതർക്കെതിരായ അഴിമതിക്കേസ് വിവരങ്ങൾ പുറത്തുവരില്ല. മുഖ്യമന്ത്രി, മന്ത്രിമാർ,​ എം.പിമാർ, എം.എൽ.എമാർ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ടി-2 (ടോപ്പ് സീക്രട്ട്) സെക്ഷനാണ് ഒഴിവാക്കിയതിൽ പ്രധാനം. അഴിമതിക്കാരുടെ ഇന്റലിജൻസ് വിവരങ്ങൾ സൂക്ഷിക്കുന്ന ടി-1 സെക്ഷനാണ് മറ്റൊന്ന്. സർക്കാരിന് രഹസ്യമായി സൂക്ഷിക്കണമെന്ന് താത്‌പര്യമുള്ള ഫയലുകൾ ഈ ഓഫീസ് സെക്ഷനുകളിലേക്ക് മാറ്റി, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിക്കാൻ സാധിക്കും.

കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ സ്ഥാപനങ്ങളെയും സുരക്ഷാ ഏജൻസികളെയും വിവരാവകാശനിയമത്തിലെ 24-ാം വകുപ്പ് പ്രകാരം ഒഴിവാക്കാനാവും. പക്ഷേ, ഓഫീസിലെ ഏതെങ്കിലും സെക്ഷനുകളെ മാത്രമായി ഈ വകുപ്പ് പ്രകാരം വിവരാവകാശത്തിൽ നിന്നൊഴിവാക്കാനാവില്ല.

നിലവിൽ ഐ.ബി, റാ, സി.ബി.ഐ, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി അടക്കം 25 കേന്ദ്ര ഏജൻസികളെ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. അവർപോലും അഴിമതി, മനുഷ്യാവകാശലംഘനം, കസ്റ്റഡിമരണം അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ബാദ്ധ്യസ്ഥരാണ്. രാജ്യസുരക്ഷയെ ബാധിക്കാത്തതും കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാത്തതുമായ വിവരങ്ങൾ സി.ബി.ഐയും നൽകുന്നുണ്ട്.

സുരക്ഷാ-ഇന്റലിജൻസ് ഏജൻസികളെ ഒഴിവാക്കിയതിന്റെ മറപിടിച്ചാണ് വിജിലൻസിന്റെയും വിവരാവകാശം വെട്ടിയത്. നേരത്തേ ഫോറൻസിക് ലാബ്, ഫിംഗർപ്രിന്റ് ബ്യൂറോ തുടങ്ങി എട്ട് സ്ഥാപനങ്ങളെയും പൊലീസിലെ സെക്ഷനുകളെയും വിവരാവകാശ പരിധിയിൽ നിന്നൊഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർക്കാരിനെയും ഉന്നതരെയും ബാധിക്കുന്ന വിവരാവകാശ ചോദ്യങ്ങളെത്തുമ്പോൾ ഫയലുകൾ ടി-സെക്ഷനിലേക്ക് മാറ്റുകയാണ് തന്ത്രം. പൊലീസിന്റെ വാടകഹെലികോപ്ടറിന്റെ വിവരങ്ങൾ പോലും ഈ വകുപ്പുപയോഗിച്ച് മറച്ചുവച്ചിരുന്നു. മന്ത്രിസഭാതീരുമാനങ്ങൾ വെളിപ്പെടുത്താൻ ബാധ്യതയില്ലെന്ന വാദവുമായി സംസ്ഥാന സർക്കാർ 2017ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിവാദമായതോടെ തലയൂരി.

അന്ന് കേസായപ്പോൾ റദ്ദാക്കി

വിജിലൻസ് ടി-ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്നൊഴിവാക്കി 2016ജനുവരി 27നിറക്കിയ വിജ്ഞാപനം ഹൈക്കോടതിയിൽ കേസായതോടെ 2023ഫെബ്രുവരിയിൽ റദ്ദാക്കി

വിജിലൻസ്-ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അന്വേഷണവിവരങ്ങൾ നൽകുന്നതു വിലക്കി വിജിലൻസ് ഡയറക്ടർ 2016ഫെബ്രുവരി ഒമ്പതിനിറക്കിയ ഉത്തരവും റദ്ദാക്കി

അഴിമതിവിവരങ്ങൾ കൈമാറിയ 'ഇൻഫോർമറെ' സംബന്ധിച്ച വിവരങ്ങൾ, അന്വേഷണഘട്ടത്തിലെ വിവരങ്ങൾ, കോടതിയിലുള്ള വിവരങ്ങൾ എന്നിവ ഇപ്പോഴും വിജിലൻസ് നൽകാറില്ല

ഉദ്യോഗസ്ഥരുടെ വാർഷികവിലയിരുത്തൽ റിപ്പോർട്ട് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരം നൽകും. ടെൻഡർ, ഡിസൈൻ വിവരങ്ങളും കൈക്കൂലിയിടപാടുകളുടെ രഹസ്യവിവരങ്ങളും നൽകില്ല

ഒഴിവാക്കാവുന്ന

വിവരങ്ങൾ

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും

കോടതി വിലക്കിയ വിവരങ്ങൾ

പാർലമെന്റ്, നിയമസഭ അധികാരലംഘനം

വാണിജ്യ, വ്യാപാര രഹസ്യങ്ങൾ

വിദേശ സർക്കാരുകളിൽ നിന്നുള്ളവ

ജീവന് ഭീഷണിയുണ്ടാക്കുന്ന വിവരങ്ങൾ

കേസന്വേഷണത്തെ ബാധിക്കുന്നവ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: X
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA