
ന്യൂഡൽഹി: സി.ബി.എസ്.ഇ കൊണ്ടുവന്ന ഡിജിറ്റൽ ഓൺലൈൻ മൂല്യനിർണയ സംവിധാനമായ ഓൺ സ്‌ക്രീൻ മാർക്കിംഗിൽ (ഒ.എസ്.എം) പ്രശ്‌നങ്ങളുണ്ടെന്ന് സുപ്രീംകോടതി. വിദ്യാർത്ഥികളുടെ നിരാശയുടെ ആഴം സി.ബി.എസ്.ഇയും കേന്ദ്രസർക്കാരും മനസിലാക്കണം. സംവിധാനം കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണിത്. പരിഷ്‌കാരങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹർജികളിൽ ആവശ്യപ്പെട്ടു. വിഷയം കൈകാര്യം ചെയ്യാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ സഹായിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഒ.എസ്.എം മുഖേന ഇത്തവണ മൂല്യനിർണയം നടത്തിയതിൽ വ്യാപക പരാതികളാണ് ഉയർന്നിരുന്നത്. സ്‌കാൻ ചെയ്‌ത ഉത്തരക്കടലാസുകൾ അദ്ധ്യാപകർ കമ്പ്യൂട്ടർ മുഖേന മൂല്യനിർണയം നടത്തുന്ന സംവിധാനമാണിത്. അതിനിടെ നീറ്റ് യു.ജി പുനഃപരീക്ഷ നടത്തരുതെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി.
ഏകാംഗ കമ്മിഷൻ
ഒ.എസ്.എം സംവിധാനത്തിലെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ കപ്പാസിറ്റി ബിൽഡിംഗ് കമ്മിഷൻ(സി.ബി.സി) അദ്ധ്യക്ഷ എസ്. രാധാ ചൗഹാനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. പോരായ്‌മകൾ പരിഹരിക്കാനുള്ള ശുപാർശകൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികൾ ഒരളവോളം പരിഹരിച്ചു. വിഷയത്തെ അതീവഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ സമീപിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |