SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.55 AM IST

ഒരു മാസം മുമ്പ് നാട്ടിലെത്തി വിവാഹം ഉറപ്പിച്ച് മടക്കം; ഒരേയൊരു മകന്റെ മരണവാര്‍ത്തയെത്തിയത് ഒരുക്കങ്ങള്‍ക്കിടെ

READ ENGLISH VERSION
akhil
അഖില്‍

കാസര്‍കോട്: റഷ്യന്‍ മിസൈലാക്രമണത്തില്‍ മരിച്ച മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്. മൂന്ന് മാസം മുമ്പ് വിവാഹ നിശ്ചയം നടത്തി ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നാട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. യുക്രെയിനിലെ ഒഡേസ തീരത്ത് കരിങ്കടലില്‍ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ അഖില്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരടക്കം 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട്, വെള്ളരിക്കുണ്ട് എ.കെ.ജി നഗറിനു സമീപം പന്നിത്തടത്തില്‍ ജോയല്‍- സാലി ദമ്പതികളുടെ മകനാണ് 26കാരനായ അഖില്‍.

19ാം വയസ്സില്‍ അഖില്‍ മെര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിച്ചതാണ്. ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന ജോയന്റേയും ഇന്‍ഷുറന്‍സ് ഏജന്റായ സാലിയുടേയും ഏകമകനാണ് അഖില്‍. രണ്ട് മാസങ്ങള്‍ക്ക് ശേഷം അഖിലിന്റെ വിവാഹം നടത്താനായിരുന്നു തീരുമാനം. ആലപ്പുഴ സ്വദേശിയായ യുവതിയുമായിട്ടാണ് വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്ന അഖില്‍. ഉടന്‍ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്.

ഗുര്‍പ്രീത് സിംഗ് ഭട്ട്, ജഗന്‍ സിംഗ്, അഭിഷേക് നിഷാദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാര്‍. സിറിയന്‍ പൗരന്മാരും യുക്രെയിന്‍ സ്വദേശിയുമാണ് മരിച്ച മറ്റുള്ളവര്‍. ഇന്ത്യക്കാരനായ സെബാസ്റ്റ്യന്‍ ബ്‌ളെസനുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. 18 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് കപ്പല്‍ ഉടമകളാണ് ഔദ്യോഗികമായി കുടുംബത്തെ വിവരമറിയിച്ചത്. 'ഗോള്‍ഡന്‍ ലിയോ' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. മുംബയ് ആസ്ഥാനമായ ഓഷന്‍ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ള കപ്പലിന്റെ നിയന്ത്രണം തുര്‍ക്കിഷ് കമ്പനിക്കാണ്.

ഞായറാഴ്ച ഒഡേസ തുറമുഖത്ത് നിന്ന് ചോളവുമായി പുറപ്പെട്ട കപ്പലില്‍ മൂന്ന് റഷ്യന്‍ ക്രൂസ് മിസൈലുകളാണ് പതിച്ചത്. കപ്പലിലെ തീപിടിത്തം ഇന്നലെ രാവിലെയാണ് യുക്രെയിന്‍ നേവി നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കും. പരിക്കേറ്റ സെബാസ്റ്റ്യന്‍ ബ്‌ളെസന് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നോര്‍ക്കയെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തി.

അഖില്‍ റെക്കാഡ് ജേതാവ്

അഖില്‍ ജോയന്‍ വടംവലിയില്‍ ലോക റെക്കാഡ് നേടിയിട്ടുണ്ട്. 2023ലാണ് റെക്കാഡ് ലഭിച്ചത്. സ്‌കൂള്‍ പഠനകാലം മുതല്‍ മികച്ച വടംവലി താരമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHIL, SAILOR, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA