SignIn
Kerala Kaumudi Online
Saturday, 24 October 2026 6.57 PM IST

ഹിന്ദുക്കളുടെ അന്ത്യകർമ്മങ്ങൾ നടത്തിയത് മുസ്ലീം യുവാവ്, വീട്ടിലുമുണ്ട് മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃക

jaleel
മൃതദേഹത്തിന് അന്ത്യകർമ്മങ്ങൾ ചെയ്യുന്നു. ഇടത്ത് നിൽക്കുന്നത് ജലീൽ

എന്തും ഏതും മതത്തിന്റെ കണ്ണിൽക്കൂടി മാത്രം നോക്കിക്കാണുന്നവരുടെ എണ്ണം ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലൂം കൂടിവരികയാണ്. മതസൗഹാർദ്ദം എന്നത് വെറും വാക്കിൽ മാത്രം ഒതുങ്ങുന്ന ഒന്നായി മാറിയെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നുതന്നെ പറയാം. ഇതിനിടയിൽ മതസൗഹാർദത്തിന്റെ ഉദാത്ത മാതൃകകളായി ശ്രദ്ധനേടിയ ചിലരുണ്ടാവും. അത്തരത്തിലൊരാളാണ് വെഞ്ഞാറമൂട് സ്നേഹസ്പർശം കെയർ ഹോമിന്റെ ഉടമ മുഹമ്മദ് ജലീൽ. ഉറ്റവരും ഉടയവരും ഇല്ലാത്ത നിരവധിപേരാണ് അദ്ദേഹത്തിന്റെ കെയർഹോമിൽ അന്തേവാസികളായുള്ളത്. അഭ്യുദയകാംക്ഷികൾ നൽകുന്ന ചെറിയ സംഭാവനകൾ മാറ്റിനിറുത്തിയാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പങ്കുകൊണ്ടാണ് ജലീൽ കെയർഹോം നടത്തിക്കൊണ്ടുപോകുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള ആംബുലൻസുകളിലൂടെയും മൊബൈൽ മോർച്ചറികളിലൂടെയും മറ്റും ലഭിക്കുന്ന വരുമാനമാണ് ഇതിനായി ചെലവിടുന്നത്.

ഹിന്ദുവും മുസ്ലീമുമല്ല, മനുഷ്യർ

മതം ഒന്നിനും ഒരു വിലങ്ങുതടിയല്ലെന്നാണ് ജലീലിന്റെ പക്ഷം. സ്വന്തം ജീവിതത്തിലും ജലീൽ അത് കാണിച്ചുതരുന്നുണ്ട്. ഹിന്ദുമത വിശ്വാസിയാണ് ജലീലിന്റെ ഭാര്യ. പക്ഷേ, ഒരിക്കൽപ്പോലും സ്വന്തം മതത്തിലേക്ക് അവരെ മാറ്റാൻ ജലീൽ ശ്രമിച്ചിട്ടില്ല. ഇരുവരും അമ്പലത്തിലും പളളികളിലും പോകും. ആരും ഇതുവരെ തടഞ്ഞിട്ടില്ല. മതത്തിനല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന ആപ്തവാക്യത്തിലാണ് ജലീൽ വിശ്വസിക്കുന്നത്. അതാണ് പ്രാവർത്തികമാക്കുന്നതും. ഹിന്ദുവും മുസ്ലീമുമായല്ല മനുഷ്യരായാണ് ഞങ്ങൾ ജീവിക്കുന്നതെന്നാണ് ജലീൽ പറയുന്നത്.

സംസ്കരിച്ചത് രണ്ട് ഹിന്ദുക്കളെ

കെയർഹോമിലുള്ള രണ്ട് അമ്മമാർ മരിച്ചപ്പോൾ അവർക്ക് ഹിന്ദു ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ ചെയ്യാൻ ജലീലിന് ഒരു പേടിയും തോന്നിയില്ല. ഹിന്ദുമതവിശ്വാസി എന്നറിയാം എന്നല്ലാതെ ഉറ്റവരോ ബന്ധുക്കളോ ആയി ആരും ഇല്ലാത്തവരായിരുന്നു അവർ. കഴിഞ്ഞവർഷം ഡിസംബറിലും ഈ വർഷം ജനുവരിലുമായിരുന്നു അവരുടെ അന്ത്യകർമ്മങ്ങൾ നടത്തിയത്. അതിനെക്കുറിച്ച് ജലീൽ പറയുന്നു.

ആദ്യത്തേത് ജില്ലാ ലീഗൽ സർവീസസ് സീനിയർ സിവിൽ ജഡ്ജിയുടെ ഉത്തരവുപ്രകാരം കെയർഹോമിൽ പ്രവേശിപ്പിക്കപ്പെട്ട എൺപതുവയസുകാരിയുടേയായിരുന്നു.രണ്ടാമത്തേത് 75 കാരിയായ വാമനപുരം സ്വദേശിയുടേത്. പഞ്ചായത്ത് അധികൃതരാണ് 75 കാരിയെ കെയർഹോമിൽ ഏൽപ്പിച്ചത്. ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന പെൻഷനും പഞ്ചായത്ത് അധികൃതർ കെയർഹോമിനെ ഏൽപ്പിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ അവകാശികളെ ഏൽപ്പിക്കാനായി മെഡിക്കൽകോളേജ് മോർച്ചറിൽ സൂക്ഷിച്ചു. ആരും എത്താത്തതിനാൽ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ ഞാൻ തയ്യാറാവുകയായിരുന്നു.

കിളിമാനൂർ സമത്വതീരം ശ്മശാനത്തിലായിരുന്നു സംസ്കാരങ്ങൾ. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കത്തുനൽകിയതിനാൽ എൺപതുവയസുകാരിയുടെ സംസ്കാരം പൂർണമായും സൗജന്യമായാണ് നടത്താനായത്. ആംബുലൻസിനുള്ള ചെലവ് മാത്രമാണ് ഞാൻ വഹിച്ചത്. രണ്ടാമത്തെ സംസ്കാരത്തിനുള്ള ചെലവ് മുഴുവൻ വഹിച്ചത് വെഞ്ഞാറമൂട്ടിലെ ടേസ്റ്റ് ഒഫ് നെല്ലനാട് എന്ന റസ്റ്റോറന്റായിരുന്നു.

ചടങ്ങുകൾ ചെയ്യുന്നതിനുമുമ്പ് സ്വന്തം ജമാ അത്തിന്റെ ഭാരവാഹികളോട് അഭിപ്രായം ചോദിച്ചു. മനുഷ്യരാണ്, നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്ത് അവരെ യാത്രയാക്കുക എന്നുള്ള മറുപടി കൂടുതൽ ധൈര്യമേകി. ഹിന്ദുവായ ഒരാൾക്ക് മുസ്ലീം സമുദായത്തിൽപ്പെട്ട ഒരാൾ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിൽ ഹിന്ദുക്കളും എതിർപ്പ് പ്രകടിപ്പിച്ചില്ല. മുസ്ലീങ്ങളോ കൃസ്ത്യാനികളോ മരിക്കുമ്പോൾ അറിയിക്കണമെന്ന് മുസ്ലീ, കൃസ്ത്യൻ പള്ളികൾ അറിയിച്ചിട്ടുണ്ട്.

സംരക്ഷിക്കുന്നത് 22പേരെ

ഇപ്പോൾ സ്നേഹസ്പർശത്തിൽ 22 അന്തേവാസികളാണുള്ളത്. ഇവരുടെ കാര്യങ്ങൾ നോക്കാനായി ഏഴ് ജീവനക്കാരും. ശമ്പളമായി മാത്രം മാസം ഒന്നേകാൽ ലക്ഷത്തോളം രൂപ വേണം. അന്തേവാസികളിൽ നാലുപേരുടെ ബന്ധുക്കൾ നിശ്ചിത തുക മാസംതോറും സംഭാവനയായി നൽകുന്നുണ്ട്. അത് നൽകുന്ന ആശ്വാസം ചില്ലറയല്ല. എങ്ങനെ മുന്നോട്ടുപോകും എന്ന് അന്തംവിട്ടുനിന്ന് സമയത്ത് മുട്ടിക്കാതെ ദൈവം വഴികാണിച്ചുതന്നിട്ടുണ്ടെന്നും ജലീൽ പറയുന്നു.

English Summary

Mohammed Jaleel, owner of Venjaramoodu's Snehasparsham Care Home, performed Hindu last rites for two deceased elderly residents who had no relatives. A Muslim, Jaleel stated religion is not a barrier, prioritizing humanity. He ensured their dignified farewells in December and January, receiving support for his interfaith gesture.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSLIM YOUTH HINDU LAST RITES, RELIGIOUS HARMONY INDIA, HINDU MUSLIM UNITY, മുസ്ലീം യുവാവ് അന്ത്യകർമ്മം, മതസൗഹാർദ്ദം വാർത്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA