
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ടങ്ങളുടെ വികസനത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തിരുത്തൽ വരുത്താത്തത് മനഃപൂർവമാണോ എന്ന് സർക്കാർ അന്വേഷിക്കും. തീരദേശ പരിപാലന അതോറിട്ടി തലവനായ കെ.ഗോപാലകൃഷ്ണനെതിരെയാണ് ആക്ഷേപം. വിഴിഞ്ഞം തുറമുഖ വികസന മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പുളിങ്കുടി കടൽത്തീരത്തെ നിർമ്മാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നതായി വിഴിഞ്ഞം തുറമുഖ കമ്പനിയും തുറമുഖ സെക്രട്ടറി രത്തൻ കേൽക്കറും ഗോപാലകൃഷ്ണനെ അറിയിച്ചിരുന്നു.
എന്നിട്ടും പാരിസ്ഥിതികാനുമതിയില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം ഗോപാലകൃഷ്ണൻ തിരുത്തിയില്ല. ഇത് സർക്കാരിന്റെ 'മിഷൻ സമുദ്ര' പദ്ധതിക്ക് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നും അന്വേഷിക്കും. അതോറിട്ടി നേരത്തെ നൽകിയ സത്യവാങ്മൂലം പരിഗണിച്ച ഹൈക്കോടതി നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം വീണ്ടും പാരിസ്ഥിതികാനുമതിക്കുള്ള പരിശോധന നടത്താനും നിർദ്ദേശിച്ചിരുന്നു.
ഇതുപ്രകാരം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരു മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥർ അടുത്തയാഴ്ചയോടെ വിഴിഞ്ഞത്തെത്തും. തുറമുഖ കമ്പനി പ്രതിനിധികളുടെയും തുറമുഖ വകുപ്പ് അധികൃതരുടെയും പരാതിക്കാരന്റെയും സാന്നിദ്ധ്യത്തിൽ വീണ്ടും പരിശോധന നടത്തും. പുളിങ്കുടി കടപ്പുറത്തെ നിർമ്മാണം വിഴിഞ്ഞത്തിന്റെ നിലവിലുള്ള മാസ്റ്റർപ്ലാനിന്റെ ഭാഗമല്ലെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിയിൽ ഉൾപ്പെടുന്നില്ലെന്നുമാണ് സെപ്തംബറിൽ ഗോപാലകൃഷ്ണൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |