
തിരുവനന്തപുരം: പിണറായിക്കും റിയാസിനുമെതിരായ മാസപ്പടി, ഹവാല കേസുകളിൽ ഇ.ഡിയിൽ നിന്ന് കൂടുതൽ വിവരം തേടാൻ വിജിലൻസ് തീരുമാനിച്ചു. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുമെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് ഉടൻ കത്ത് നൽകും.
രേഖകൾ ശേഖരിച്ച് വിശദമായി പരിശോധിച്ച ശേഷം പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണയെയും ഉൾപ്പെടെ നോട്ടിസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യും. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 എസ്.പി ഇമ്മാനുവൽ പോളാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പൊതുമരാമത്തു സെക്രട്ടറിയായിരുന്നപ്പോൾ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടു നടന്നുവെന്ന പരാതിയും അന്വേഷിക്കുന്നത് എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ്. അദ്ദേഹം ഉടൻ വിരമിക്കുന്നതിനാൽ അന്വേഷണച്ചുമതല മറ്റൊരു എസ്.പിക്ക് നൽകിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുൻമന്ത്രി മുഹമ്മദ് റിയാസിനെയും ഒന്നാം പ്രതികളാക്കി രണ്ട് എഫ്.ഐ.ആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ടിലും വീണാ വിജയൻ രണ്ടാം പ്രതിയാണ്.
എഫ്.ഐ.ആറിന് കോടതി അംഗീകാരം
തിരുവനന്തപുരം: കരിമണൽ കമ്പനിയുമായുള്ള മാസപ്പടി കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറും കോടതി പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചു. സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് രണ്ട് എഫ്.ഐ.ആറുകൾ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മരുമകനും മുൻമന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ്, മകൾ വീണ തൈക്കണ്ടി എന്നിവരാണ് പ്രതികൾ. ഹവാല ഇടപാടിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇ.ഡി.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്. ഹവാല, അഴിമതിക്കേസുകളിൽ പിണറായിവിജയനും മുഹമ്മദ് റിയാസിനുമെതിരേ അടക്കമെടുത്ത രണ്ടു കേസുകളുടെ അന്വേഷണത്തിന് വിജിലൻസ് എസ്.ഐ.ടി ഉടൻ രൂപീകരിക്കും. തിരുവനന്തപുരത്തെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ എസ്.പിയുടെ നേതൃത്വത്തിൽ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാവും സംഘം. എസ്.ഐ.ടി രൂപീകരിക്കേണ്ടത് ആഭ്യന്തരവകുപ്പാണെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കാരിന്റെ അനുമതി തേടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |