SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.57 AM IST

നൃത്ത'സന്ധ്യ'യിൽ സ്വപ്‌നസാഫല്യം

p

കൊച്ചി: നർത്തകിയും എഴുത്തുകാരിയുമായ ഡോ. സന്ധ്യ ജയകുമാറിന് ചിലങ്കണിഞ്ഞ രണ്ടാം ബാല്യം!. 25 വർഷത്തിനുശേഷം 58-ാം വയസിൽ വീണ്ടും നൃത്തവേദിയിൽ സ്വപ്നങ്ങൾക്ക് ചുവട് വയ്ക്കുകയാണവർ.

മൂന്നര വയസിൽ അരങ്ങിലെത്തിയ സന്ധ്യയ്ക്ക് പ്രവാസജീവിതത്തിൽ നൃത്തത്തെ മാറ്രി നിറുത്തേണ്ടി വന്നെങ്കിലും നഷ്ടവസന്തത്തിലെ പ്രിയമുദ്രകൾ കാലം തിരികെ നൽകി.

1999ൽ ഭർത്താവിനൊപ്പം യു.എ.ഇയിലേക്കു പോയതോടെ നൃത്തവേദിയോടു വിടപറഞ്ഞ് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഹിന്ദി അദ്ധ്യാപികയായി. 25 വർഷത്തിനുശേഷം 2024ൽ മടങ്ങിയെത്തി നൃത്തത്തിനായി ജീവിതം അർപ്പിക്കുകയായിരുന്നു.

പുലർച്ചെ രണ്ടര മുതൽ രണ്ടുമണിക്കൂർ പരിശീലനം; ഒപ്പം യോഗയും. ആദ്യമൊക്കെ ശരീരം വഴങ്ങിയില്ല. പലതവണ വീണുപോയെങ്കിലും പിന്മാറിയില്ല. ആദ്യഗുരുവും നടി ആശ ശരത്തിന്റെ അമ്മയുമായ കലാമണ്ഡലം സുമതി ധൈര്യം പകർന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കഴിഞ്ഞദിവസം നടത്തിയ രണ്ടാം അരങ്ങേറ്റം വിജയമായി. ഗുരുവിനുള്ള സമർപ്പണമാണ് രണ്ടാംവരവ്.
പെരുമ്പാവൂർ സ്വദേശിനിയായ സന്ധ്യയ്ക്ക് അയൽവാസിയായ സുമതി ടീച്ചർ അമ്മയെപ്പോലെ. വല്യമ്മയുടെ വീട്ടിൽ നൃത്തം പഠിപ്പിക്കാനെത്തിയ ടീച്ചറുമായി പിച്ചവയ്ക്കുന്ന പ്രായത്തിൽ തുടങ്ങിയ ബന്ധമാണ് നൃത്തവേദിയിൽ എത്തിച്ചത്. രണ്ടര വയസ് മുതൽ പരിശീലനം. ഒരു വർഷത്തിനുശേഷം അടുത്തുള്ള ക്ഷേത്രനടയിൽ ചെറിയൊരു നൃത്തപരിപാടി. ഭാരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും അഭ്യസിച്ചു.


പരീക്ഷണങ്ങളുടെ ബാല്യം
ജീവിതത്തിൽ കഠിനപരീക്ഷണങ്ങൾ നേരിടേണ്ടിവന്നപ്പോൾ നൃത്തം പകർന്ന ആത്മവിശ്വാസം ചെറുതല്ല. അച്ഛൻ ജി. സുകുമാരൻ നായർ സന്ധ്യയുടെ അഞ്ചാം വയസിൽ മരിച്ചു. സ്‌കൂൾ പഠനകാലത്ത് ഏക സഹോദരൻ സന്ദീപും. അദ്ധ്യാപികയായിരുന്ന അമ്മ സുലോചനയ്ക്ക് താങ്ങും തണലുമായ മകൾ പഠനത്തിലും നൃത്തത്തിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കുസാറ്റിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ്. 1997ൽ വിവാഹം. ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജയകുമാറിനൊപ്പം യു.എ.ഇയിൽ എത്തിയപ്പോൾ കാത്തിരുന്നത് അദ്ധ്യാപികയുടെ ജോലി.

ഭർത്താവിനൊപ്പമുള്ള യാത്രകളിലെ ആഫ്രിക്കൻ കാഴ്ചകളാണ് എഴുത്തുകാരിയാക്കിയത്. മലേഷ്യ മുതൽ അർമേനിയ വരെ, ചൈനയിൽ ഒരു ശൈത്യകാലത്ത് എന്നീ പുസ്തകങ്ങൾ രചിച്ചു. മറ്റൊരു യാത്രാവിവരണം പണിപ്പുരയിൽ. ആർക്കിടെക്ടിൽ ബിരുദാനന്തര ബിരുദമുള്ള ഏകമകൾ നിരഞ്ജന മേനോൻ ലണ്ടനിൽ ഗവേഷണം നടത്തുന്നു.

കൊറോണയ്ക്ക് 'നന്ദി"!
നൃത്തത്തിൽ വീണ്ടും സജീവമാകാൻ വഴിയൊരുക്കിയത് കൊറോണ. ശാരീരിക പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടി നൃത്തത്തിലും യോഗയിലും സജീവമായി. ദുബായിലെ നൃത്താദ്ധ്യാപകനായ പ്രേംമേനോൻ പ്രോത്സാഹനം നൽകി. നാട്ടിലേക്കു മടങ്ങിയശേഷം എറണാകുളത്തെ വീടിനു സമീപം ചെറിയൊരു ഹാൾ വാടകയ്‌ക്കെടുത്ത് പരിശീലനം തുടങ്ങി. ആരോഗ്യജീവിതത്തിലേക്കുള്ള പുനർജന്മമാണ് നൃത്തം സമ്മാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL