
ആലുവ: കീഴ്മാട് പഞ്ചായത്തിനെ കേരളത്തിലെ ആദ്യപുകയില രഹിത ഗ്രാമമായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ജില്ലാതല പരിശോധകസംഘത്തിന് പ്രവർത്തന റിപ്പോർട്ട് കൈമാറി. പുകയില രഹിത ഗ്രാമമായി മാറുന്നതിന് ആരോഗ്യവകുപ്പ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ റിപ്പോർട്ടാണ് കൈമാറിയത്. വ്യാപാരസ്ഥാപനങ്ങളിൽ കോട്പ നിയമപ്രകാരം പ്രത്യേക പരിശോധന നടത്തി നിയമാനുസൃത ബോർഡുകൾ സ്ഥാപിക്കാത്തവർക്കെതിരെ പിഴ ഈടാക്കി. പുകയിലവില്പനശാലകളിൽ 18 വയസിൽ താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതല്ലെന്ന ബോർഡുകൾ ഉറപ്പുവരുത്തി. മേയ്, ജൂലായ് മാസങ്ങളിലായി പഞ്ചായത്തിൽ ബോധവത്കരണം സംഘടിപ്പിച്ചിരുന്നു. വാർഡ് തല ശുചിത്വ പോഷക സമിതി യോഗങ്ങളിലും മുഴുവൻ കുടുംബശ്രീ യോഗങ്ങളിലും പുകയില രഹിത ഗ്രാമം പ്രത്യേക അജൻഡയായി ചർച്ച നടത്തി. മുഴുവൻ അങ്കണവാടികളും കവലകളും കേന്ദ്രീകരിച്ച് ബോധവത്കരണ സന്ദേശങ്ങളും പ്രചരിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ കലാലയങ്ങളും പുകയില രഹിത കലാലയങ്ങളായി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |