SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.40 AM IST

ഓണത്തിമിർപ്പ്

onam

കൊച്ചി: ആർപ്പുവിളികളോടെയും പൂക്കളങ്ങളോടെയും അത്തം നാളിൽ തുടങ്ങിയ ഓണാഘോഷങ്ങൾക്ക് ഇന്ന് തിരുവോണത്തോടെ നിറപ്പകിട്ടേറും. ഇരുണ്ടുമൂടിയ ആകാശത്തെയും മഴ മുന്നറിയിപ്പിനെയും വകവയ്ക്കാതെ അവസാനവട്ട ഒരുക്കങ്ങൾക്കായി ആളുകൾ നിരത്തിലിറങ്ങി. ഓണക്കോടി, പൂക്കൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങാൻ വൻതിരക്കാണ് ജില്ലയിലെമ്പാടും അനുഭവപ്പെട്ടത്.

സാധനങ്ങളും വസ്ത്രങ്ങളും പൂക്കളും വാങ്ങാനെത്തിയവർ നഗരത്തിന് ഉത്സവപ്രതീതി പകർന്നു. ഓണംവരെയുള്ള ഓഫറുകൾ സ്വന്തമാക്കാനുള്ള ഓട്ടമായിരുന്നു ഇന്നലെയും കാണാനായത്.

വഴിയോരക്കച്ചവടം മുതൽ ഇലക്‌ട്രോണിക്‌സ് കടകളിൽ വരെ ആൾക്കൂട്ടമായി. വസ്ത്രശാലകളിലും തിരക്കായിരുന്നു. വിവിധ മേളകളിൽ വമ്പിച്ച വില്പനയാണ് ഇന്നലെ നടന്നത്.

ഇന്ന് ഓണസദ്യയൊരുക്കിയും പുതുവസ്ത്രമണിഞ്ഞും പൂക്കളമിട്ടും മലയാളികൾ തിരുവോണത്തെ വരവേൽക്കും. കൊച്ചി നഗരത്തിലും ജില്ലയിലും സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ ഓണാഘോഷങ്ങൾ നടക്കും.

മാറ്റുകൂട്ടി ‘ലാവണ്യം’

എറണാകുളം ഡർബാർ ഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയം, ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ട്, വാസ്കോഡഗാമ സ്ക്വയർ, കുമ്പളങ്ങി, വൈപ്പിൻ, പള്ളുരുത്തി തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലാണ് ആഘോഷങ്ങൾ. ഡർബാർ ഹാൾ ഗ്രൗണ്ടാണ് പ്രധാന വേദി. ഓണസദ്യ, ഓണക്കോടി വിതരണം, സംഗീതപരിപാടികൾ, നൃത്തപരിപാടികൾ, നാടൻകലകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമാണ്.

തിരുവോണദിനമായ ഇന്ന് ഭാരത് ഭവനും സാംസ്കാരിക വകുപ്പും ചേർന്ന് ‘ഇന്ത്യൻ വസന്തോത്സവം 2026’ സംഘടിപ്പിക്കും. ജമ്മു കശ്മീർ, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ അവതരിപ്പിക്കും.

വീടുകളിൽ പൂക്കളവും സദ്യയും

തിരുവോണത്തിന്റെ പ്രധാന ആകർഷണം വീടുകളിലെ ആഘോഷങ്ങളാണ്. രാവിലെ പൂക്കളമിട്ട് ഓണത്തപ്പനെ വരവേൽക്കും. കുടുംബാംഗങ്ങൾ ഒത്തുചേരുന്നതോടെ വീടുകൾ ആഘോഷകേന്ദ്രങ്ങളാകും. തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL