SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

രാജ്യത്തിന് വെങ്കലത്തിളക്കം, അമ്മക്കുട്ടിക്ക് തങ്കത്തിളക്കം

alphiya-james

പിറവം: വീഴ്ചയിൽ നിന്ന് വിജയത്തിലേക്ക് വീൽചെയറിൽ ജൈത്രയാത്ര നടത്തുന്ന ആൽഫിയ ജെയിംസ് നേടിയ രാജ്യാന്തര വെങ്കല മെഡലിന് തങ്കത്തിളക്കം. ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ പാരാഗെയിംസിലെ വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ കർണാടകയിലെ പല്ലവിക്കൊപ്പം ഇന്ത്യക്ക് അഭിമാന വിജയം സമ്മാനിച്ച എറണാകുളം പാമ്പാക്കുട സ്വദേശി ആൽഫിയ ജെയിംസിന് തോറ്റ ചരിത്രമില്ല. പ്ലസ് വൺ പഠനകാലത്ത് വിധി വീഴ്ത്തിയിട്ടും കുതിച്ചത് വിജയങ്ങളിലേക്ക്. വിവിധ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ 25കാരി വെറുംകൈയോടെ മടങ്ങിയിട്ടില്ല.

വീണിട്ടും പതറാതെ

ബാസ്‌കറ്റ്ബാളിൽ തിളങ്ങിനിൽക്കെ തൊടുപുഴ മുട്ടം ഷാന്തോൾ സ്‌കൂളിന്റെ ടെറസിൽനിന്ന് വീണ് നട്ടെല്ലിനു ക്ഷതമേറ്റാണ് ജീവിതം വീൽചെയറിലായത്. വിജയത്തിന്റെ ആദ്യപാഠമായിരുന്നു ആ വീഴ്ച. സങ്കടങ്ങളെ മറികടക്കാൻ നന്നായി പഠിച്ചായിരുന്നു തുടക്കം. ബെംഗളൂരുവിൽ നഴ്‌സായിരുന്ന അമ്മ വിജി ജോലി രാജിവച്ച് മകൾക്കു കരുത്തായി കൂടെനിന്നു. പിതാവ് ജെയിംസ് നേരത്തേ മരിച്ചിരുന്നു. തോറ്റും കരഞ്ഞും പിൻമാറാനുള്ളതല്ല ജീവിതമെന്ന് ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞിരുന്നു.
അമ്മയാണ് മകളുടെ കായികസ്വപ്‌നങ്ങൾക്ക് പുനർജന്മം നൽകിയത്. ആൽഫിയയുടെ മികവു തിരിച്ചറിഞ്ഞ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പ് ദുബായിലെ അവരുടെ ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലി നൽകി.
ജപ്പാനിലുള്ള ഇന്ത്യൻ സംഘം അടുത്തമാസം ആദ്യം മടങ്ങും. ഡൽഹിയിലെ ഔദ്യോഗിക സ്വീകരണ പരിപാടികൾക്കു ശേഷമേ നാട്ടിലെത്തൂവെന്ന് അമ്മ പറഞ്ഞു. കാനഡയിൽ വിദ്യാർഥിയായ ആൽഫിനാണ് സഹോദരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL