
മൂവാറ്റുപുഴ: കായികരംഗത്ത് വലിയൊരു നേട്ടവുമായി മൂവാറ്റുപുഴ മേലെത്തുഞ്ഞാലിൽ കുടുംബം. അന്താരാഷ്ട്ര പഞ്ചഗുസ്തി താരം സുരേഷ് മാധവൻ, മക്കളായ അമയ സുരേഷ്, ആരാധ്യ സുരേഷ് എന്നിവർ ഒന്നിച്ച് 47-ാമത് ലോക ആം റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ അർഹത നേടി. 2024ൽ നടന്ന ഏഷ്യൻ ആം റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അമയയും ആരാധ്യയും ഇന്ത്യക്കായി മെഡലുകൾ കരസ്ഥമാക്കിയിരുന്നു. കൂടാതെ അടുത്തിടെ നടന്ന വേൾഡ് മാസ്റ്റർ ഗെയിംസിലും സുരേഷ് മാധവൻ സമ്മാനം കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായി.
സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയ അമയ, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇത്തവണ ലോക ചാമ്പ്യൻഷിപ്പിൽ ജൂനിയർ 50 കിലോ വിഭാഗത്തിലാണ് അമയ മത്സരിക്കുന്നത്. സബ്-ജൂനിയർ തലങ്ങളിൽ തിളങ്ങിയ ആരാധ്യ, മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സബ് ജൂനിയർ 40 കിലോ വിഭാഗത്തിലാണ് ആരാധ്യ മത്സരിക്കുന്നത്. അച്ഛന്റെ ശിക്ഷണത്തിലാണ് ഇരുവരും പരിശീലിക്കുന്നത്. അദ്ദേഹം ഗ്രാൻഡ് മാസ്റ്റർ 100 കിലോ വിഭാഗത്തിലാണ് ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്.
നീണ്ട 29 വർഷങ്ങൾക്ക് ശേഷമാണ് ഈ കായിക മാമാങ്കം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. വേൾഡ് ആം റെസ്ലിംഗ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ് ഒക്ടോബർ 28 മുതൽ നവംബർ 5 വരെ ഡൽഹിയിലെ ലീല ആംബിയൻസ് കൺവെൻഷൻ ഹാളിലാണ് അരങ്ങേറുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |