തഴവ: സിമന്റും ചിപ്സും കൊണ്ടുള്ള ഇഷ്ടിക നിർമ്മാണ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കി അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഇഷ്ടിക നിർമ്മാണത്തിന് ഉപയോഗിക്കുന്ന എം.സാൻഡ്, ചിപ്സ്, പാറപ്പൊടി എന്നിവയുടെ വില ആറ് മാസത്തിനിടെ ആറ് തവണയിൽ കൂടുതലാണ് വർദ്ധിച്ചത്. തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പാറയുടെയും പാറ ഉത്പന്നങ്ങളുടെയും വരവ് നിയന്ത്രിക്കപ്പെട്ടതാണ് പ്രധാന കാരണം.
ഒരു ക്യൂബിക് അടി എം. സാന്റിന് ജില്ലയിലെ ക്രഷറികളിൽ 85 മുതൽ 95 രൂപ വരെയുണ്ട്. ഇത് സൈറ്റിലെത്തിക്കുമ്പോൾ വില വീണ്ടും കൂടും. എന്നാൽ നേരത്തെ തമിഴ്നാട്ടിൽ നിന്ന് 65 രൂപ നിരക്കിൽ സൈറ്റിൽ ലഭിക്കുമായിരുന്നു. ഒരു ക്യൂബിക് അടിക്ക് 45 രൂപയുണ്ടായിരുന്ന ചിപ്സിന് നാല് മാസത്തിനുള്ളിൽ അഞ്ച് തവണ വില വർദ്ധിച്ച് ഇപ്പോൾ 55 രൂപയ്ക്കാണ് ക്രഷറിയിൽ വില്പന. കൂടാതെ 42 രൂപ ഉണ്ടായിരുന്ന പാറപ്പൊടിക്കും ക്രഷറി വില ക്യുബിക് അടിക്ക് 55 രൂപയായി വർദ്ധിച്ചു.
അസംസ്കൃത വസ്തുക്കളുടെ വിലയ്ക്ക് ആനുപാതികമായി സിമന്റിനും ഇഷ്ടികയ്ക്കും വില കൂടിയതോടെ വില്പന കുത്തനെ ഇടിഞ്ഞു. ജില്ലയിൽ ആയിരത്തോളം സിമന്റ് ഇഷ്ടിക നിർമ്മാണ യൂണിറ്റുകളുണ്ട്.
അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല
വില്പന അനുസരിച്ച് ബ്രിക്സ് നിർമ്മാണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഉടമകൾ നിർബന്ധിതരായതോടെ മേഖല കടുത്ത തൊഴിൽ പ്രതിസന്ധിയിൽ
പത്ത് മുതൽ ഇരുപത് വരെയുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളായി എത്തിയാണ് ഇതര സംസ്ഥാന തൊഴിലാളികൾ ബ്രിക്സ് നിർമ്മാണ കേന്ദ്രങ്ങളിൽ ജോലിയെടുത്തിരുന്നത്
തൊഴിൽ പ്രതിസന്ധി നേരിട്ടതോടെ മൂന്ന് മാസത്തിനുള്ളിൽ മേഖലയിൽ നിലവിൽ ഉണ്ടായിരുന്ന തൊഴിലാളികളിൽ 30 ശതമാനത്തിലധികം പേർ നാട് വിട്ടതായി ഉടമകൾ
ഇതര സംസ്ഥാനക്കാർ ഉൾപ്പടെ പതിനായിരത്തിൽപ്പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ചിരുന്നത്
നിർമ്മാണ മേഖലയുടെ നട്ടെല്ലായി പ്രവർത്തിച്ചു വരുന്ന ആയിരത്തിൽപ്പരം തൊഴിൽ സ്ഥാപനങ്ങളാണ് കൊല്ലം ജില്ലയിൽ മാത്രം നിലനിൽപ്പിന് വേണ്ടി അധികൃതരുടെ കാര്യണ്യം പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം യൂണിറ്റുകളുടെയും പ്രവർത്തനം വിവിധ ബാങ്കുകളുടെ വായ്പ ഉപയോഗിച്ചായിരുന്നു. മേഖല പ്രതിസന്ധിയിലായതോടെ തിരിച്ചടവ് തവണ പോലും മുടങ്ങിയ ഗതികേടാണുള്ളത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം
ആർ.ബിജു, ജില്ലാ പ്രസിഡന്റ്, സിമന്റ് ബ്രിക്സ് ആൻഡ് ഇന്റർലോക്ക് മാനുഫാക്ചറേഴ്സ് അസോ. ഒഫ് കേരള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |