
ഇതിനകം പ്രയോജനപ്പെട്ടത് 18 പേർക്ക്
കുറ്റിയാട്ടൂർ: സംസ്ഥാനത്ത് ആദ്യമായി അതിദാരിദ്രമുക്തി നേടിയ പഞ്ചായത്തെന്ന ഖ്യാതിയുണ്ട് കുറ്റ്യാട്ടൂരിന്.കുറ്റ്യൂട്ടൂരിന്റെ വഴി പിടിച്ച് കേരളമൊന്നാകെ അതിദാരിദ്രമുക്തി നേടുകയും ചെയ്തു.ഇന്നിപ്പോൾ എല്ലാ വീടുകളിലേക്കും ചെറുവാഹനമെങ്കിലും കടന്നുവരാനുള്ള മറ്റൊരു വിപ്ളവകരമായ പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇവർ.
വീട്ടിലേക്കൊരോട്ടാ നിരത്തിലൂടെ എന്ന പദ്ധതിജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് കുറ്റ്യാട്ടൂർ. പദ്ധതിയിൽ ഒമ്പതാമത്തെ റോഡിന്റെ കുറ്റിയടി നടന്നു. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗമായ വാർഡ് 16 കൂപ്പയിൽ ഇന്ദിരയുടെ കുടുംബത്തിനാണ് ഏറ്റവുമൊടുവിൽ ഒരു ചെറുവാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടായത്. തച്ചുകുന്നുമ്മൽ കോമളവല്ലി, തണ്ടയൻ ഭാസ്‌കരൻ, പി.പി സ്മിത എന്നവരുടെ ഭൂമിയാണ് ഇതിനായ് വിട്ടു നല്കിയത്. ഇതോടെ പഞ്ചായത്തിൽ 18 കുടുംബത്തിന് റോഡെന്ന സ്വപ്നം സഫലമായി. കഴിഞ്ഞ ജൂലായ് 10ന് കണ്ണൂർ ജില്ലാ കളക്ടറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഗുണഭോക്താക്കൾ അരികുവത്കരിക്കപ്പെട്ടവർ
സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ടുപോയ ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അവരുടെ ഇടങ്ങളിലേക്ക് ഒരു പൊതുവഴി വെട്ടുന്നതിന് ഭൂമി വിട്ടു നൽകുന്നവരും ആദരവ് നേടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രാമപഞ്ചായത്തിന്റെ അങ്ങേയറ്റത്തെ സമർപ്പിത പരിശ്രമവും, കരുതലും ആത്മാർത്ഥതയും ദീർഘവീക്ഷണവും കണ്ടറിഞ്ഞ് ഭൂമി വിട്ടു നൽകുന്നതിന് പലരും തയ്യാറായി.ഇങ്ങനെയാണ് 18 കുടുംബങ്ങൾക്ക് പൊതുവഴി ലഭിച്ചത്.
പൊതുവഴി പ്രാണവായു പോലെ
വെള്ളം, വെളിച്ചം' പാർപ്പിടം എന്നിവയോടൊപ്പം പ്രാണവായുവോളം പ്രധാന്യമർഹിക്കുന്നതാണ് പൊതുവഴി എന്ന തിരിച്ചറിവാണ് ഇത്തരമൊരു പദ്ധതിക്ക് പഞ്ചായത്തിനെ എത്തിച്ചത്. ലോകത്ത് മറ്റെവിടെയും ഇത്തരമൊരു ദൗത്യത്തിന് മാതൃകയില്ല താനും. ലോകത്തിന് തന്നെ മാതൃകയായി മാറാവുന്ന പദ്ധതിയാണ് കുറ്റിയാട്ടൂരിന്റെ 'വീട്ടിലേക്കൊരോട്ടോ ' പദ്ധതി.
അതിദാരിദ്രം ഇല്ലാതാക്കിയ ആദ്യത്തെ പഞ്ചായത്താണ് കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത്. പക്ഷെ പല കുടുംബങ്ങളും ഏറെ ദുഃഖിതരാണ്. അതിനൊരു കാരണം വീട്ടിലേക്ക് ഒരു ഓട്ടോ എങ്കിലും എത്താനുള്ള വഴി ഇല്ല എന്നതാണ്. ഈ സങ്കടത്തിന് ഒരു വിരാമമാണ് വീട്ടിലേക്കൊരോട്ടോ പദ്ധതി.
നിജിലേഷ് പറമ്പൻ
(പ്രസിഡന്റ് കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |