തൊടുപുഴ: സ്‌കൂൾ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ സാമ്പത്തിക ഭാവിയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് എൻ. പി. എസ് വാത്സല്യ പദ്ധതിക്ക് തുടക്കം കുറിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സി. യു. പി. സ്‌കൂൾ. വിദ്യാലയത്തിലെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള 625 കുട്ടികൾക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി ആരംഭിച്ചിട്ടുള്ള ഈ ദീർഘകാല സമ്പാദ്യ പദ്ധതിയിലൂടെ കുട്ടികളുടെ ഭാവിയിലെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാമ്പത്തിക അച്ചടക്കം വളർത്താനും സാധിക്കും. ചെറുപ്പത്തിലേ ഉള്ള നിക്ഷേപം കൂട്ടുപലിശയുടെ ശക്തിയിലൂടെ കാലക്രമേണ വലിയൊരു തുകയായി വളരാൻ സഹായിക്കും.
തുടക്കത്തിൽ 250 രൂപ അടച്ച് അക്കൗണ്ട് ആരംഭിക്കുന്ന കുട്ടിക്ക് കുറഞ്ഞ വാർഷിക നിക്ഷേപം 250 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല.പദ്ധതിയുടെ ഉദ്ഘാടനം എസ്.ബി.ഐ തൊഴുപുഴ റീജനൽ മാനേജർ ജിതിൻ വർഗ്ഗീസ് നിർവ്വഹിച്ചു. സ്‌കൂൾ അസി. മാനേജർ ഫാ. ആൽബർട്ട് പീച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്ജ് , എസ് ബി ഐ അസി. മാനേജർ ഗോകുൽ കെ റാം, എം.പി.റ്റി.എ പ്രസിഡന്റ് ഡിംപിൾ വിനോദ് , സ്‌കൂൾ ലീഡർ ഐറിൻ കബീർ, ഡെന്നിസ് ദിപു , അഞ്ചു ജോസഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |