SignIn
Kerala Kaumudi Online
Monday, 12 October 2026 2.40 AM IST

15കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദനം: രണ്ട് പേർ അറസ്റ്റിൽ

READ ENGLISH VERSION
munseer

ആലുവ: കുന്നത്തേരിയിൽ വാടകയ്‌ക്ക് താമസിക്കുന്ന 15 വയസുകാരനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ബ്ളേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി. കാക്കനാട് വികാസവാണി വെളുത്തേടത്ത് വി.എം. മുൻസിർ (23), ആലുവ കുഴിവേലിപ്പടി മുച്ചംകുളം ചിറമേൽപറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് ആലുവ സി.ഐ പി.എം. ഷെമീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണ്.
പ്രതികളിൽ ഒരാളും 15കാരന്റെ സുഹൃത്തായ കാക്കനാട് സ്വദേശിയും ശത്രുതയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിനെ തിരക്കിയാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റി മുൻസീറിന്റെ പെരിങ്ങാലയിലെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ചു. എടത്തല ഷൂട്ടിംഗ് മലയിലെത്തിച്ച് വീണ്ടും മർദ്ദിച്ച ശേഷം വിട്ടയച്ചു. ആലുവയിലെത്തിയ കുട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി പറഞ്ഞു. ഇതിനിടെ കുട്ടിയുടെ ഉമ്മയും ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രി പള്ളിക്കരയിലെ പമ്പിൽ വാഹനത്തിന് പെട്രോൾ അടിക്കാനെത്തിയ അക്രമിസംഘത്തിലെ രണ്ടു പേരെ പൊലീസ് വളഞ്ഞു. ചെറുത്തുനിന്ന പ്രതികൾ പൊലീസിനെതിരെ കത്തി വീശി. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റെങ്കിലും പിന്മാറാതെ സാഹസികമായി പിടികൂടുകയായിരുന്നു.

ഒന്നാംപ്രതി 10 കേസുകളിലും രണ്ടാം പ്രതി 6 കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ ബെന്നി കുര്യാക്കോസ്, സുരേഷ് കുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, കെ.എം. മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL