കൊച്ചി: 'ഓപ്പറേഷൻ തൂഫാൻ' നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ നടത്തിയ വ്യാപക പരിശോധനയിൽ 37 പേർ അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗവും വില്പനയും നടക്കാൻ സാദ്ധ്യതയുള്ള വീടുകളും കേന്ദ്രങ്ങളും ഉൾപ്പെടെ 153 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ആകെ 34 കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയിൽ 13.83 ഗ്രാം എം.ഡി.എം.എയും 91.84 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ഉപയോഗിച്ച 13 പേരെയും പൊലീസ് പിടികൂടി.
ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ നിന്ന് 13.250 ഗ്രാം എം.ഡി.എം.എയുമായി എറണാകുളം മുളവുകാട് ടവർ ലൈൻ അരിപ്പറമ്പിൽ വീട്ടിൽ എ.പി. ഷാരോണിനെ (26) അറസ്റ്റ് ചെയ്തു. ചേരാനല്ലൂർ എസ്.എച്ച്.ഒ വിശ്വജിത്, എ.എസ്.ഐ ഷിബു, സി.പി.ഒമാരായ അനിൽ കുമാർ, ദിലീപ് കുമാർ, സിന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഡാൻസാഫ് അംഗങ്ങളും റെയ്ഡിൽ ഭാഗമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |