
അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. പഞ്ചായത്ത് സ്റ്റേഡിയം, പള്ളിമുക്ക്, നടുവിലച്ചേരി വാർഡുകളിലാണ് വ്യാപനം രൂക്ഷമായത്. ഗർഭിണികളും കുട്ടികളുമടക്കം 70 ഓളം പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഇവർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. ചിലർ വീടുകളിൽ നിരീക്ഷണത്തിലും തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായത്.
അടുത്തിടെ പ്രദേശത്തെ വീടുകളിലെ കുടിവെള്ളം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയിൽ ചിലതിൽ കോളിഫോം, ഇ-കോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇതാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരെ കണ്ടെത്തുന്നതിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലും ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായതായി നാട്ടുകാർ ആരോപിച്ചു.
അടിയന്തര യോഗം വിളിച്ച് മന്ത്രി
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വെള്ളിയാഴ്ച മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും. ഇതിന് മുന്നോടിയായി രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
സ്ഥിരീകരിച്ചത്
70ഓളം പേർക്ക്
പ്രതിരോധമാണ് പ്രതിവിധി
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാൻ ഉപയോഗിക്കുക
ആഹാരത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങൾ ഉപയോഗിക്കരുത്
കുടിവെള്ള സ്രോതസുകൾ മലിനമാകാതെ നോക്കുക
ബ്ളീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിക്കുക
തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താതിരുത്തുക
സ്വയം ചികിത്സ അരുത്
കടുത്ത ക്ഷീണം, പനി, ഛർദ്ദി, വിശപ്പില്ലായ്മ, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |