കൊല്ലം: നവീകരണം പൂർത്തിയായെന്ന പേരിൽ ഉദ്ഘാടനം നടത്തി. പക്ഷേ സത്യം പറഞ്ഞാൽ, എട്ട് മാസം കഴിഞ്ഞിട്ടും പണി തീർന്നിട്ടില്ല! കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാവനാട് കമ്മ്യൂണിറ്രി ഹാളിനാണ് ഈ ദുർഗ്ഗതി. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ കൂടുതൽ പണം നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
കാവനാട് സോണൽ ഓഫീസിനോട് ചേർന്നുള്ള കമ്മ്യൂണിറ്റി ഹാളിന് ഇരുപത് വർഷത്തിലേറെ പഴക്കമുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കെട്ടിടം നവീകരിച്ച് ഉദ്ഘാടനം ചെയ്തത്. ഒന്നരക്കോടി രൂപയോളം ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കമ്മ്യൂണിറ്റി ഹാളിന്റെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്.
കോടികൾ ചെലവഴിച്ച് ഇത്രയും നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഹാൾ പൂർണ്ണസജ്ജമാക്കാൻ ഇനിയും വലിയ തുക ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം 65 ലക്ഷം രൂപയുടെ തുടർ പണികൾ കൂടി പൂർത്തിയാക്കിയെങ്കിൽ മാത്രമേ ഹാൾ പൊതുജനങ്ങൾക്കായി തുറക്കനാവൂ.
ആശ്രയം ക്ഷേത്രഹാൾ
വിവാഹം, പൊതുയോഗങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കായി പ്രദേശത്ത് മറ്റ് ഹാളുകൾ ഇല്ലാത്തതിനാൽ ശക്തികുളങ്ങര ക്ഷേത്രത്തോട് ചേർന്നുള്ള ഹാളിനെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. നിലവിൽ കോടികൾ ചെലവഴിച്ചിട്ടും ജനങ്ങൾക്ക് പ്രയോജനം ലഭിക്കാത്ത തരത്തിൽ പദ്ധതി പാതിവഴിയിൽ നിലച്ചത് അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി ഫണ്ട് അനുവദിച്ച് തുടർ പണികൾ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ഇന്റീരിയർ വർക്കുകൾ നടക്കുകയാണ്. നവീകരണം പൂർത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ടിന് വേണ്ടിയുള്ള നടപടികൾ പൂർത്തയായിട്ടുണ്ട്. ഉടൻ തന്നെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കത്തക്ക നിലവാരത്തിൽ നിർമ്മാണം വേഗത്തിലാക്കും- രാധിക സജി, കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |