SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.57 AM IST

പഞ്ചലോഹ വിഗ്രഹം കവർന്ന പ്രതിയുമായി തെളിവെടുപ്പ്

moshanam

തലയോലപ്പറമ്പ് : മറവൻതുരുത്ത് ഇടവട്ടത്ത് പുരാതന ഇല്ലത്ത് മോഷണം നടത്തിയ കേസിലെ പ്രതി തലയോലപ്പറമ്പ് കിഴക്കേപ്പുറം നടുതുരുത്തേൽ വിഷ്ണു തിലകനുമായി (30) പൊലീസ് തെളിവെടുപ്പ് നടത്തി. ഇല്ലത്തെ ക്ഷേത്രത്തിനുള്ളിൽ പൂജാമുറിയിൽ നിന്ന് കവർച്ച ചെയ്ത രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം ഒളിപ്പിച്ചിരുന്ന സ്ഥലം വിഷ്ണു പൊലീസിന് കാട്ടിക്കൊടുത്തു. ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിന് സമീപം മൂന്ന് നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള 4 കെട്ടോട് കൂടിയ മുല്ലക്കേരിൽ ശ്രേയസിന്റെ ഇല്ലത്ത് കഴിഞ്ഞ 9 ന് ഓടിന്റെ പാത്രങ്ങളും, വിലമതിക്കാനാവാത്ത അതിപുരാതന പഞ്ചലോഹ വിഗ്രഹവുമാണ് കവർച്ച നടത്തിയത്. അമൂല്യ വിഗ്രഹം ഒഴികെയുള്ള മോഷണ മുതൽ 9 ന് തലയോലപ്പറമ്പിലെ ആക്രിക്കടയിൽ വിറ്റിരുന്നു. 10 ന് വീണ്ടും ഇതേ വീട്ടിൽ നിന്ന് പകൽ ഉരുളിയുമായി പോകുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഉരുളി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് മോഷണം പുറത്ത് അറിയുന്നത്. ഒളിവിൽ പോയ പ്രതി ശനിയാഴ്ച വൈകിട്ട് വൈക്കം കോടതിയിൽ കീഴടങ്ങിയിരുന്നു. മോഷണം നടത്തിയ വീട്ടിൽ ഒന്നിൽ അധികം ദിവസം തങ്ങിയ ശേഷമാണ് ഓടിന്റെ പാത്രങ്ങളും ഇയാൾ കവർച്ച നടത്തിയത്.

ചാക്കിൽക്കെട്ടി തോട്ടിലിട്ടു

ഇല്ലത്തെ ക്ഷേത്രത്തിലെ മൂലബിംബം പ്രതിയുടെ വീടിനു സമീപമുള്ള ആലങ്കേരി പാടശേഖര നെല്ലുത്പാദക സംഘത്തിന്റെ ഓഫീസിന് പിന്നിലുള്ള കാടുപിടിച്ച തോട്ടിൽ ചാക്കിൽ കെട്ടി ഇടുകയായിരുന്നു. ചെമ്പ് പഞ്ചായത്തിൽ സമാന രീതിയിൽ മോഷണം നടത്തിയതിന് പിന്നിലും ഇയാൾ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ മറ്റ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും വിഷ്ണുവിനെതിരെ അടിപിടി, മോഷണം, പീഡനശ്രമം അടക്കം നിരവധി കേസുകൾ തലയോലപ്പറമ്പ്, വൈക്കം സ്റ്റേഷനിൽ നിലവിലുള്ളതായും പൊലീസ് പറഞ്ഞു. എസ് ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL