കോഴിക്കോട്: നഗരത്തിന്റെ പരിചിതമായ കാഴ്ചകളിൽ പലതിലും എൻ.എം. സലീമിന്റെ കൈയൊപ്പുണ്ട്. വായനയുടെ ലോകത്തേക്ക് വഴിതുറക്കുന്ന സെൻട്രൽ ലൈബ്രറിയും ശാസ്ത്രകൗതുകങ്ങളുടെ പ്ലാനറ്റോറിയവും ആധുനിക തൊഴിൽമേഖലയുടെ പ്രതീകമായ സൈബർപാർക്കും മുതൽ വൻകിട കൺവെൻഷൻ സെന്ററുകളും ആശുപത്രികളും വാണിജ്യസമുച്ചയങ്ങളും വരെ നീളുന്നതാണ് കെട്ടിടനിർമാണ രംഗത്ത് അദ്ദേഹം അവശേഷിപ്പിച്ച അടയാളങ്ങൾ. കോഴിക്കോടിന്റെ വാണിജ്യ-വ്യവസായ മേഖലകളുടെ വളർച്ചയ്ക്കൊപ്പം ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് സലീം രൂപകൽപന ചെയ്ത കെട്ടിടങ്ങൾ. സൈബർപാർക്ക്, ലുലു കൺവൻഷൻ സെന്റർ ആൻഡ് ഹോട്ടൽ, ഗോകുലം കൺവൻഷൻ സെന്റർ കോംപ്ലക്സ്, പി.കെ. കോംപ്ലക്സ്, നികർത്തിൽ ചേംബേഴ്സ്, ഹിൽട്ടൺ കോംപ്ലക്സ് എന്നിവ നഗരത്തിന്റെ വാണിജ്യ-വ്യവസായ ഭൂപടത്തിൽ ഇടംപിടിച്ചവയാണ്. ഗവ. ബീച്ച് ആശുപത്രിയിലെ കെട്ടിടം, ചെസ്റ്റ് ആശുപത്രി, എം.ഐ.എം.എസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, മലബാർ മെഡിക്കൽ കോളജ് എന്നിവ ആരോഗ്യപരിചരണ രംഗത്തെ പ്രധാന നിർമ്മിതികളാണ്. വടകരയിലെ പാർക്കോ ആശുപത്രിയും അദ്ദേഹത്തിന്റെ രൂപകൽപനാ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഫാറൂഖ് കോളജിലെ അൽഫാറൂഖ് റെസിഡൻഷ്യൽ സ്കൂൾ, പി.വി.എസ് കോളജ് ഓഫ് നഴ്സിംഗ് എന്നിവയും സലീം ആൻഡ് അസോസിയേറ്റ്സിന്റെ ശ്രദ്ധേയമായ പദ്ധതികളിൽപ്പെടുന്നു.
നഗരത്തിന്റെ പൊതുജീവിതത്തിൽ ഒത്തുചേരലുകൾക്കും കലാ-സാംസ്കാരിക പരിപാടികൾക്കും വേദിയാകുന്ന കെട്ടിടങ്ങളുടെ രൂപകൽപനയിലും സലീമിന്റെ സാന്നിദ്ധ്യമുണ്ട്. ഗോകുലം ഇന്റർനാഷണൽ കൺവൻഷൻ സെന്റർ, മാർകസ് നോളജ് സിറ്റിയിലെ എക്സിബിഷൻ സെന്റർ, രാമനാട്ടുകരയിലെ കൺവൻഷൻ സെന്റർ, മടവൂരിലെ ഓഡിറ്റോറിയം, ഇൻകെൽ കൺവൻഷൻ സെന്റർ, ഇന്റർനാഷനൽ എക്സിബിഷൻ ട്രേഡ് ആൻഡ് കൺവൻഷൻ സെന്റർ എന്നിവ ഈ മേഖലയിൽ ശ്രദ്ധേയമാണ്. ശ്രീ ഗുജറാത്തി വിദ്യാലയ ഓഡിറ്റോറിയവും ബ്ലൂ ഡയമണ്ട് തിയറ്ററും നഗരത്തിന്റെ സാംസ്കാരിക ഇടങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ബൈപാസ് റോഡിലെ മസ്ജിദ് ഇബ്രാഹിം, മാർകസ് ക്വീൻസ് ലാൻഡ്, ഫാറൂഖ് കോളജിലെ പള്ളി, പട്ടാളപ്പള്ളി എന്നിവ കോഴിക്കോട്ടെ ആരാധനാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഹോട്ടൽ മലബാർ പാലസ്, ഫോർച്യൂൺ ഹോട്ടൽ, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെയുള്ള കെട്ടിടങ്ങളും നഗരത്തിന്റെ പ്രൗഡി വിളിച്ചോതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |