ചെങ്ങന്നൂർ: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച ഇലഞ്ഞിമേൽ - എറിക്കാട്- എണ്ണയ്ക്കാട് ആൽത്തറ ജംഗ്ഷൻ റോഡിന്റെ നിർമ്മാണം ഇഴയുന്നു. 2018ലെ പ്രളയത്തിൽ തകർന്ന റോഡിന്റെ പുനർനിർമ്മാണത്തിനായി 2020ലാണ് സർക്കാർ എട്ട് കോടി രൂപ അനുവദിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തുടക്കത്തിൽ മണ്ണും മെറ്റിലും പാറപ്പൊടിയും നിരത്തി റോഡ് താത്കാലികമായി ലെവൽ ചെയ്തശേഷം നിർമ്മാണം പൂർണമായി നിറുത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടർന്ന് വലിയ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടായി. തുടർന്ന് 2023 മേയിൽ നിർമ്മാണം പുനരാരംഭിച്ചെങ്കിലും മൂന്ന് വർഷം പിന്നിട്ടിട്ടു. ആദ്യം കരാർ ഏറ്റെടുത്ത കാവുങ്കൽ കൺസ്ട്രക്ഷൻ കമ്പനി ചെയ്ത പ്രവൃത്തിയുടെ തുക ലഭിക്കാത്തതിനെ തുടർന്ന് നിർമ്മാണം ഉപേക്ഷിച്ചതായാണ് വിവരം. പിന്നീട് മറ്റൊരു കരാറുകാരൻ നിർമ്മാണം ഏറ്റെടുത്തെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല.
കൈവരിയില്ലാത്ത കലുങ്ക്; അപകടങ്ങൾ പതിവ്
റോഡിലെ കലുങ്കിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഇതുവരെ കൈവരികൾ സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾ പോലുമില്ലാത്ത പാതയിൽ സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള സൈക്കിൾ യാത്രികരും ഇരുചക്രവാഹന യാത്രക്കാരും കലുങ്കിൽനിന്ന് താഴേക്ക് വീണ് അപകടത്തിൽപ്പെടുന്നത്. കലുങ്കിന് അടിയന്തരമായി കൈവരികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രം, ആയുർവേദ ആശുപത്രി, മൃഗാശുപത്രി, എസ്.ബി.ഐ. ബാങ്ക്, മിൽമ, പെരിങ്ങലിപ്പുറം യു.പി. സ്കൂൾ, എണ്ണയ്ക്കാട് യു.പി സ്കൂൾ, പെരിങ്ങലിപ്പുറം ഓർത്തഡോക്സ് പള്ളി, ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് പോകുന്നതിനുള്ള പ്രധാന റോഡാണിത്. നൂറുകണക്കിന് യാത്രക്കാരും നിരവധി സ്കൂൾ വാഹനങ്ങളും ദിവസേന തകർന്നുകിടക്കുന്ന ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്.
...........................
റോഡ് നിർമ്മാണത്തിനായി അനുവദിച്ച എട്ട് കോടി രൂപയിൽ രണ്ട് കോടി രൂപയുടെ പ്രവൃത്തി മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. റീബിൽഡ് കേരള പദ്ധതിയിൽ അനുവദിച്ച എട്ട് കോടി രൂപയുടെ ഫണ്ട് മുഴുവൻ പാസാക്കിയിട്ടുണ്ട്, റോഡിന്റെ ബാക്കി പണികൾ പൂർത്തിയാക്കുന്നതിനും കലുങ്കിന് കൈവരികൾ സ്ഥാപിക്കുന്നതിനും ഇനി പുതിയ ഫണ്ട് അനുവദിക്കേണ്ട സാഹചര്യമാണ്.
എസ്. അശ്വതി
(ബുധനൂർ അഞ്ചാം വാർഡ് മെമ്പർ)
............................
ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അനുവദിച്ച തുക മുഴുവൻ ചെലവഴിച്ചിട്ടും റോഡ് നിർമ്മാണം പൂർത്തിയാക്കാത്തത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണ്. റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ടുപോകും.
രാജേഷ്
(പ്രദേശവാസി)
...........................................
പൂർത്തിയായത് 2 കോടിയുടെ പദ്ധതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |