SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

കരിമ്പുലി: തൃശൂരിലെ പാർക്കിൽ സംരക്ഷിക്കും

black-tiger-
കരിമ്പുലി:

പത്തനംതിട്ട : കോന്നിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട പെൺ കരിമ്പുലിയെ വീണ്ടും കാട്ടിലേക്ക് തുറന്ന് വിടില്ല. നിലവിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ തന്നെ സംരക്ഷിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. കൂട്ടിൽ അകപ്പെട്ടപ്പോഴുണ്ടായ പരിക്കുകൾ ഭേതമായശേഷം വീണ്ടും ഇതിന്റെ ആവാസ കേന്ദ്രമായ കോന്നി വനമേഖലയിൽ തന്നെ തുറന്ന് വിടാനായിരുന്നു തീരുമാനം. എന്നാൽ ജനങ്ങളുടെ ആശങ്കയും കേരളത്തിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെടുന്ന ആദ്യകരിമ്പുലിയെന്ന അപൂർവതയും പരിഗണിച്ചാണ് ഇതിനെ സുവോളജിക്കൽ പാർക്കിൽ തന്നെ സംരക്ഷിക്കാൻ സി.സി.എഫ് ഉൾപ്പെടെയുള്ള ഉന്നത വനപാലകർ തീരുമാനിച്ചത്. പെൺകരിമ്പുലി ആയതിനാൽ പ്രജനന സാദ്ധ്യതയും പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോന്നി കുളത്തുമണ്ണിൽ നിന്നും പിടികൂടിയ പെൺകരിമ്പുലിക്ക് ഒന്നര വയസ് പ്രായമാണ് കണക്കാക്കുന്നത്. പരിക്ക് ഭേതമായാൽ സന്ദർശകർക്ക് കാണാൻ കഴിയുന്ന രീതിയിൽ പാർക്കിൽ തുറന്ന് വിടുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം അച്ചൻകോവിൽ വന മേഖലയിലെ നദിയുടെ കരയിലാണ് കരിമ്പുലിയെ യാത്രക്കാർ ആദ്യമായി കാണുന്നത്.പിന്നീടിത് കോന്നിയിലെ ജനവാസ മേഖലയിലേക്ക് സഞ്ചരിച്ച് എത്തുകയായിരുന്നു.കുളത്തുമൺ, പോത്തുപാറ, കമ്പകത്തുംപച്ച, തിടി, കള്ളിപ്പാറ, എലിക്കോട് ഭാഗങ്ങളിൽ പലവട്ടം കരിമ്പുലിയെ നാട്ടുകാർ കണ്ടിട്ടുണ്ട്. കോന്നിയുടെ വിവിധ ജനവാസ മേഖലകളിൽ കരിമ്പുലി സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനാൽ ഒന്നിൽ കൂടുതൽ എണ്ണം ഉണ്ടായേക്കാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.

ജാഗ്രതയോടെ വനംവകുപ്പ്

കൂട്ടിൽ അകപ്പെട്ടത് പെൺകരിമ്പുലി ആയതിനാൽ ഇണയോ കൂടപ്പിറപ്പുകളോ ഒപ്പം ഉണ്ടായക്കാമെന്നാണ് വിലയിരുത്തൽ. ആൺ കരിമ്പുലികൾ ഏകാന്തവാസം ആഗ്രഹിക്കുന്നവരാണ്. ജനവാസ മേഖലയോട് ചേർന്ന് കാടിനുള്ളിൽ കരിമ്പുലിമട സാദ്ധ്യത കണക്കിലെടുത്ത് വനപാലകർ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. കരിമ്പുലികൾ പൊതുവെ മരത്തിൽ കയറുന്നവ ആയതിനാൽ ഡ്രോണും പ്രയോജനപ്പെടുത്തും. കരിമ്പുലികൾ ഇരകളെ ഓടിച്ചിട്ട് വേട്ടയാടുന്നത് വിരളമാണ്. മരങ്ങളിൽ കയറിയിരുന്ന് ഇരയുടെ മുകളിലേക്ക് ചാടിയും വള്ളിപ്പടർപ്പുകൾക്ക് ഇടയിൽ ഒളിച്ചിരുന്നുമാണ് ഇവയുടെ വേട്ടയാടൽ. വേട്ടയാടി പിടിക്കുന്ന ഇരയെ മറ്റ് മൃഗങ്ങൾ തട്ടിയെടുക്കാതിരിക്കാൻ വൃക്ഷങ്ങളുടെ മുകളിൽ എത്തിക്കുന്നതും ഇതിന്റെ രീതിയാണ്. വംശനാശ ഭീഷണി മൂലം അതീവ സംരക്ഷിത വന്യജീവികളുടെ പട്ടികയിലാണ് കരിമ്പുലിയുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL