പത്തനംതിട്ട: ഷിന്റോ സൈമണിന് ഉയരങ്ങൾ കീഴടക്കണം പോളിന്റെ കരുത്തിൽ. കുറിയന്നൂർ മാർത്തോമ്മ എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ കായികാ അദ്ധ്യാപകനായ അമൽ സന്തോഷ് ജോസഫാണ് ഷിന്റോയുടെ സൈക്കിളിലുള്ള അഭ്യാസം ആദ്യം കാണുന്നത്. കുട്ടിയെ ശാസിച്ചെങ്കിലും അവന്റെ മേയ് വഴക്കം കായികമേഖലയിൽ ഫലം കാണുമെന്ന് അദ്ധ്യാപകൻ തിരിച്ചറിഞ്ഞു. ആദ്യം നടത്തത്തിൽ പരിശീലനം തുടങ്ങിയെങ്കിലും ഇതിൽ നിന്ന് പിൻമാറി പോൾവാട്ടിലേക്കായി. ദേശീയതലത്തിൽ വിജയിയായ അമൽ സന്തോഷ് ജോസഫും, കായിക പരിശീലകൻ എൻ.ജി.ശിവശങ്കറിന്റെയും ശിക്ഷണത്തിൽ കഴിഞ്ഞവർഷം പോൾവാട്ടിൽ ജില്ലാ സ്കൂൾ കായികമേളയിൽ മൂന്നാംസ്ഥാനം നേടി സംസ്ഥാന തലത്തിൽ എത്തി. അത് ഷിന്റോയ്ക്ക് പുതിയ തുടക്കമായി. ഗൗരമായി പോൾവാട്ടിനെ കണ്ടുതുടങ്ങിയ ഷിന്റോ മാർത്തോമ്മ സ്കൂളിൽ നിന്ന് പ്ളസ് വണ്ണിന് കോഴഞ്ചേരി സെന്റ് തോമസ് പ്രവേശനം നേടിയെങ്കിലും കുറിയന്നൂരിലെ അദ്ധ്യാപകരുടെ കൂടെ ആദ്യം മുതലെ പരിശീലനം നടത്തിതുടങ്ങി. സ്കൂളിലും പോളില്ല. പരിമിതമായ സാഹചര്യങ്ങളായതിനാൽ അദ്ധ്യാപകരെ നിരുത്സാഹപ്പെടുത്തിയെങ്കിലും ഷിന്റോ മുള വെട്ടിക്കൊണ്ട് വന്ന് അദ്ധ്യാപകരെ സമീപിക്കുകയായിരുന്നു. ഹൈജംപ് സ്റ്റാൻഡ് മേശയിൽ ഉയർത്തിയാണ് ആദ്യം പരിശിലനം നടത്തിയത്. 2026ജില്ലാ സ്കൂൾ കായികമേളയിൽ പോൾവാട്ടിൽ മുളയിൽ കുത്തിച്ചാടി ഒന്നാംസ്ഥാനം നേടി. കൂടെ പോളിൽ കുത്തിച്ചാടിയ മത്സരാർത്ഥികളെ പരാജയപ്പെടുത്തിയാണ് 2.50മീറ്റർ ചാടി ഷിന്റോ ഓന്നാംസ്ഥാനം നേടിയത്. 2.80 മീറ്റർ വച്ചെങ്കിലും ചെറിയ പോരായ്മയിൽ മുളവച്ച് ചാടാൻ ഷിന്റോയ്ക്ക് കഴിഞ്ഞില്ല. നല്ല പോൾ ഉണ്ടെങ്കിൽ 3.30 മീറ്റർ വരെ നിലവിൽ ചാടുമെന്ന് അദ്ധ്യാപകർ പ്രതീക്ഷിക്കുന്നത്. ഫൈബർ പോളിന്റെ വില ഏകദേശം 50,000 മുതൽ100000 വരെയാണ്. നിലവിൽ പോൾ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി കുടുംബത്തിനില്ല.
ലക്ഷ്യം ഒളിമ്പിക്സ്
25മുതൽ 31വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയിൽ മത്സരിക്കാൻ പോൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഷിന്റോ. പരിശീലനം ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. മാരാമൺ ചിറയിറമ്പ് തൊടുകയിൽ ഇലക്ട്രിക്കൽ ജോലിചെയ്യുന്ന സൈമൺ തോമസിന്റെയും സുലേഖയുടെയും മൂത്തമകനാണ്. സഹോദരി എസ്തേർ സൈമൺ. കുഞ്ഞുപെങ്ങളെയും പോൾവാട്ട് പരിശീലിപ്പിക്കുന്നുണ്ട് ഷിന്റോ. പോൾവാട്ടിന്റെ ഉയരങ്ങളാണ് ഷിന്റോയുടെ മനസിൽ. അത് ഒളിമ്പിക്സ് വരെ നീളുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |