
കാട്ടാക്കട: കാട്ടാക്കട മാർക്കറ്റ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഹെഡ് പോസ്റ്റോഫീസിൽ വീണ്ടും കവർച്ചാശ്രമം. ഇന്നലെ രാവിലെ ഒമ്പതോടെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് ഓഫീസിന്റെ പിൻവശത്തെ വാതിലും ജനലും തുറന്ന് കിടക്കുന്നതായി കണ്ടത്.
തുടർന്നുള്ള പരിശോധനയിൽ മോഷണശ്രമം സ്ഥിരീകരിച്ചതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓഫീസിന്റെ പിൻവശത്തെ ജനലിന്റെ ഇരുമ്പുകമ്പികൾ വളച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുവഴിയാണ് പുറത്തുകടന്നതെന്നും പൊലീസ് അനുമാനിക്കുന്നു.
മോഷ്ടാവ് ട്രഷറി സേഫും അലമാരകളും കുത്തിപ്പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ചതായി സംശയിക്കുന്ന അടയാളങ്ങളും ചുമരിന്റെ ഭാഗങ്ങൾ പൊളിച്ച നിലയിലും കണ്ടെത്തി. ട്രഷറി ഭാഗത്തെ ചുമർ പൊളിച്ചശേഷം കല്ലുകൾ കെട്ടിടത്തിന് പുറത്തേക്ക് മാറ്റിയിട്ട നിലയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മുമ്പും ഈ പോസ്റ്റോഫീസിൽ മോഷണശ്രമം നടന്നിട്ടുണ്ട്. താലൂക്കിലെ പ്രധാന പോസ്റ്റോഫീസായിട്ടും ഇവിടെ സി.സി ടിവി ക്യാമറ സ്ഥാപിക്കാത്തത് സുരക്ഷാ വീഴ്ചയാണെന്നാണ് വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |